കുവൈത്ത്സിറ്റി: കുവൈത്തിലെ ക്യാപിറ്റൽ, ഹവല്ലി ഗവർണറേറ്റുകളിൽ പബ്ലിക് അതോറിറ്റി ഫോർ ഫയർഫോഴ്‌സ് നടത്തിയ വ്യാപക പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 49 സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി.കെട്ടിടങ്ങളിലും വിവിധ സ്ഥാപനങ്ങളിലും അഗ്നിസുരക്ഷാ, തീപിടിത്ത പ്രതിരോധ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
നിയമലംഘനങ്ങൾ കണ്ടെത്തിയ 49 സ്ഥാപനങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ അടച്ചുപൂട്ടിയപ്പോൾ, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് 113 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി.തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ തടയുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമായി സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിശോധനകൾ തുടരുന്നതെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.



