കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനത്തെ തുടർന്ന് വാഹനത്തിൽ സ്ഥാപിച്ച വീൽ ക്ലാമ്പ് (Wheel Clamp) പിഴ അടച്ചശേഷം നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.ആദ്യം ട്രാഫിക് പിഴ Sahel ആപ്പ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് വഴിയോ അടയ്ക്കണം. അല്ലെങ്കിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ നേരിട്ടെത്തിയും അംഗീകൃത നടപടിക്രമങ്ങളിലൂടെ പിഴ അടയ്ക്കാം.
പിഴ അടച്ചതിന്റെ രസീത് വാഹനത്തിന്റെ മുൻവശത്തെ വിൻഡ്‌ഷീൽഡിൽ വ്യക്തമായി കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം.തുടർന്ന് വീൽ ക്ലാമ്പ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക വാട്സ്ആപ്പ് നമ്പറായ 99324092-ൽ ബന്ധപ്പെടണം.
വീൽ ക്ലാമ്പ് സ്വയം ഇളകുകയോ താഴെ വീഴുകയോ ചെയ്താൽ ഉടൻ 112 എന്ന എമർജൻസി നമ്പറിൽ വിളിച്ച് ട്രാഫിക് പട്രോൾ എത്തുന്നതുവരെ കാത്തിരിക്കണം. ക്ലാമ്പ് സ്വയം നീക്കം ചെയ്യാനോ കേടുവരുത്താനോ ശ്രമിക്കരുത്.വീൽ ക്ലാമ്പ് തകർക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും റോഡ് സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.



