കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 98.732 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 15 കേസുകൾ രജിസ്റ്റർ ചെയ്തു. കേടായതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട് മൂന്ന് റിപ്പോർട്ടുകളും തയ്യാറാക്കി. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.



