ജെറുസലേം: ഫ്ലൈദുബായി സംഭവത്തില്‍ ആക്രമണം നടത്തിയ സഹപൈലറ്റിന്റെ പേര് പുറത്തു വിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഹമാം അല്‍ ഹമാമി എന്നാണ് അക്രമിയുടെ പേര് എന്നണ് റിപ്പോര്‍ട്ടുകള്‍. ഒമാന്‍ ഔദ്യോഗിക വിമാന സര്‍വീസായ ഒമാന്‍ എയറില്‍ നേരത്തെ ജോലി ചെയ്തിട്ടുള്ള ആളാണ് ഇദ്ദേഹം. എന്നാല്‍ മതമൗലിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇയാളെ ഓഫീസ് ജോലികളിലേക്ക് മാറ്റുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിനു പിന്നാലെ ഇയാള്‍ 2024ല്‍ ജോലി രാജി വെച്ചു. പിന്നീടാണ് ഹമാമിയെ ഫ്ലൈദുബായി ജോലിക്കെടുക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് വിമാനം പറത്താന്‍ വിലക്കുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം ആക്രമണത്തിന് പിന്നാലെ ഹമാമിന്റേതെന്ന് സംശയിക്കുന്ന ലിങ്കിഡ് ഇന്‍ പ്രൊഫൈലില്‍ രണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റുകളില്‍ അല്‍ഖയ്ദ നേതാവ് അയ്മന് അല്‍ സവാഹിരിയുടെയും ഖലീല്‍ ബലാവിയുടെയും ഫോട്ടോകളാണ് ഉള്ളത്. ആവശ്യമായ പരിശോധനകള്‍ നടത്താതെയാണ് ഫ്ലൈദുബായി ഇയാളെ ജോലിക്കെടുത്തത് എന്നാണ് സംശയം. ഇസ്രയേലി വിമാനങ്ങളുടെ ഫോട്ടോയ്ക്കൊപ്പമാണ് 2022ല്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ ഖയ്ദ നേതാവ് അയ്മാന്‍ അല്‍ സവഹിരിയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ പോസ്റ്റ് ചെയ്തത്. ഒമാന്‍ പൗരനാണെങ്കിലും ഒമാനിലല്ല ഇയാള്‍ ജനിച്ചത്. ഒമാന്‍ പുറത്താണ് കൂടുതല്‍ കാലവും ജീവിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹമാമിയുടെ അമ്മ സിറിയനും അച്ഛന് ഒമാനിയുമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇയാള്‍ക്ക് ഇരട്ട പൗരത്വമുണ്ടോ എന്ന അന്വേഷണവും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം ഇപ്പോഴും അവ്യക്തമാണ്.



