കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും നിരത്തു സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഡെലിവറി കമ്പനികൾക്ക് കർശന നിർദ്ദേശങ്ങളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമലംഘനം നടത്തുന്ന ഡെലിവറി ജീവനക്കാരുടെ മോട്ടോർ സൈക്കിളുകളോ വാഹനങ്ങളോ രണ്ടു മാസത്തേക്ക് പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദ്ദേശപ്രകാരം, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ അഹമ്മദ് അൽ അസ്മിയുടെ അധ്യക്ഷതയിൽ ഡെലിവറി കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്താണ് മുന്നറിയിപ്പ് നൽകിയത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ റാഷിദ് അൽ ഹജ്‌രി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.ഡെലിവറി വാഹനങ്ങളും ബൈക്കുകളും ഓടിക്കുന്ന ജീവനക്കാർ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അവർക്കിടയിൽ ബോധവൽക്കരണം ശക്തമാക്കാനും ലക്ഷ്യമിട്ടായിരുന്നു യോഗം.
ഡ്രൈവർമാരുടെ സ്വന്തം സുരക്ഷയും ഒപ്പം നിരത്തിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജീവനക്കാരെ ബോധവൽക്കരിക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം കമ്പനികൾക്കുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ചില ഡെലിവറി ഡ്രൈവർമാരിൽ നിന്ന് ഗുരുതരമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.



