കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ — PACIയുടെ 34 സേവനങ്ങൾ ഇനി ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ ‘സഹൽ’ വഴി ലഭ്യമാകും.
പൗരന്മാർക്കും പ്രവാസികൾക്കും PACI ആസ്ഥാനമോ ഓഫീസുകളോ നേരിട്ട് സന്ദർശിക്കാതെ നിരവധി ഇടപാടുകൾ ഓൺലൈനായി പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.സർട്ടിഫിക്കറ്റുകൾ, സ്ഥാപനങ്ങളും കെട്ടിടങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ, സിവിൽ ഐഡി കാർഡുകൾ, വ്യക്തികളുടെയും താമസക്കാരുടെയും വിവരങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയാണ് സഹൽ ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നത്.
നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിനൊപ്പം സേവനങ്ങളുടെ കൃത്യതയും സുരക്ഷയും മെച്ചപ്പെടുത്തുകയാണ് ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് PACI ആക്ടിങ് ഡയറക്ടർ ജനറൽ ഇസ്സ അൽ മഹ്മൂദ് വ്യക്തമാക്കി.
അതേസമയം, ഇലക്ട്രോണിക് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത വയോധികർക്കും മറ്റുള്ളവർക്കും PACI ഓഫീസുകളിൽ നേരിട്ടെത്തി ആവശ്യമായ സഹായം തുടർന്നും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.



