കുവൈത്ത് സിറ്റി: കുവൈത്തിലെ അഹ്മദി ഗവർണറേറ്റിൽ വീടിന്റെ മാർബിൾ ജോലിക്കായി 3,000 ദിനാർ വാങ്ങിയ ശേഷം പണി പൂർത്തിയാക്കാതെ നിർത്തിയെന്ന പരാതിയിൽ അറബ് പ്രവാസിക്കെതിരെ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തു.മാർബിൾ ജോലിയിൽ വിദഗ്ധനാണെന്ന് പരിചയപ്പെടുത്തിയ പ്രവാസിയുമായി 3,300 ദിനാറിനാണ് കുവൈത്തി പൗരൻ കരാറിലെത്തിയത്. ആദ്യം 2,000 ദിനാറും പിന്നീട് 1,000 ദിനാറും ബാങ്ക് വഴി കൈമാറിയതായി പരാതിയിൽ പറയുന്നു.
പണം സ്വീകരിച്ചതിന്റെ ഇൻവോയ്സും നൽകിയിരുന്നു. എന്നാൽ കരാർ തുകയുടെ ഭൂരിഭാഗവും കൈപ്പറ്റിയ ശേഷം പ്രതി ജോലി നിർത്തുകയും പദ്ധതി പൂർത്തിയാക്കാതിരിക്കുകയും ചെയ്തെന്നാണ് പരാതി.ബാങ്ക് ട്രാൻസ്ഫർ രേഖകളും മറ്റ് തെളിവുകളും പൗരൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്ന് വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.



