കുവൈത്ത് സിറ്റി: മൈനർമാരുടെയും അനാഥരുടെയും സംരക്ഷണത്തിനായി മാറ്റിവെച്ച കോടിക്കണക്കിന് രൂപ തിരിമറി ചെയ്ത കേസിൽ മൂന്ന് കുവൈത്തി പൗരന്മാരുടെ വെറുതെവിട്ടുകൊണ്ടുള്ള വിധി അപ്പീൽ കോടതി റദ്ദാക്കി. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഓരോരുത്തർക്കും 10 വർഷം കഠിനതടവും 9 ലക്ഷം ദീനാർ വീതം പിഴയും ശിക്ഷ വിധിച്ചു.
കൗൺസിലർ അബ്ദുല്ല അൽ സാനിയയുടെ അധ്യക്ഷതയിൽ കൗൺസിലർമാരായ സൗദ് അൽ മുതായിരി, ബസ്സാം അൽ ഘുനൈം എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. പിഴയ്ക്ക് പുറമെ തട്ടിയെടുത്ത 45 ലക്ഷം ദീനാർ തിരികെ നൽകാനും കോടതി ഉത്തരവിട്ടു. കുറ്റക്കാരായി കണ്ടെത്തിയ ആദ്യത്തെയും രണ്ടാമത്തെയും പ്രതികളെ അവരുടെ സർക്കാർ ജോലികളിൽ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവായിട്ടുണ്ട്.മൈനർ അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന് ഓഹരി പങ്കാളിത്തമുള്ള ഒരു കമ്പനിയിൽ നിന്നുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചതാണ് കേസിനാസ്പദമായ സംഭവം.
പ്രതികളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി വഴി ലണ്ടനിൽ ഭൂമി വാങ്ങുന്നതിനാണ് ഈ തുക ഉപയോഗിച്ചത്. മൈനർമാരുടെയും അനാഥരുടെയും അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഏൽപ്പിച്ച പണം വകമാറ്റി ധനദുർവിനിയോഗം നടത്തിയതായി കോടതി നിരീക്ഷിച്ചു. നേരത്തെ കീഴ്ക്കോടതി പ്രതികളെ വെറുതെവിട്ടിരുന്നെങ്കിലും, അപ്പീൽ കോടതി വിധി കർശനമാക്കുകയായിരുന്നു. നീണ്ട നിയമനടപടികൾക്കൊടുവിലാണ് വൻ തുകയുടെ സാമ്പത്തിക തിരിമറി കേസിൽ പ്രതികൾക്ക് കനത്ത ശിക്ഷ ലഭിച്ചിരിക്കുന്നത്.



