കുവൈത്ത് സിറ്റി: ജാബ്രിയയിൽ റോഡിൽ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട പരാതിയിൽ ബംഗ്ലാദേശ് സ്വദേശിയായ ട്രക്ക് ഡ്രൈവറെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് കസ്റ്റഡിയിലെടുത്തു. റോഡിൽ മാലിന്യം തള്ളിയതിന് പുറമേ, താൻ ഓടിച്ചിരുന്ന വാഹന വിഭാഗത്തിന് അനുയോജ്യമല്ലാത്ത ഡ്രൈവിംഗ് ലൈസൻസാണ് ഇയാൾ കൈവശം വെച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
റോഡിൽ മാലിന്യം തള്ളിയതിനും അനുമതിയില്ലാത്ത ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചതിനും ഡ്രൈവർക്കെതിരെ ട്രാഫിക് പിഴ ചുമത്തിയിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായി നാടുകടത്തൽ നടപടികൾക്കായി ഇയാളെ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. കൂടാതെ നിയമപ്രകാരം ഇയാൾ ഓടിച്ച വാഹനം പിടിച്ചെടുത്ത് ക്രഷറിലേക്ക് അയക്കുകയും ചെയ്തു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുസ്ഥലങ്ങളിലെ ശുചിത്വം നിലനിർത്തുന്നതിനും നിയമലംഘകർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.



