കുവൈത്ത്സിറ്റി: കുവൈത്തിൽ ട്രാഫിക് സിഗ്നലിൽ വെച്ച് യുവതിയെ ‘ഹലാ അബി’ എന്ന് വിളിച്ച് ശല്യം ചെയ്ത യുവാവിന് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. കുവൈത്ത് അപ്പീൽ കോടതിയാണ് കേസിൽ ശിക്ഷ പ്രഖ്യാപിച്ചത്.ട്രാഫിക് സിഗ്നലിൽ വാഹനങ്ങൾ നിർത്തിയിട്ടിരുന്ന സമയത്ത് യുവതിയെ അഭിസംബോധന ചെയ്ത് ‘ഹലാ അബി’ എന്ന് വിളിച്ചതാണ് കേസിന് ആധാരമായ സംഭവം.അറബിയിൽ അഭിവാദ്യത്തിനും സ്നേഹപ്രകടനത്തിനുമായി ഉപയോഗിക്കുന്ന വാക്കുകളാണെങ്കിലും, സംഭവത്തിന്റെ സാഹചര്യത്തിൽ യുവതിയെ ശല്യപ്പെടുത്തുന്ന രീതിയിലാണ് പ്രതി ഈ വാക്കുകൾ ഉപയോഗിച്ചതെന്ന് കോടതി കണ്ടെത്തി.
പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ വാക്കുകളിലൂടെ ശല്യപ്പെടുത്തുന്നതും അനുചിതമായ പരാമർശങ്ങൾ നടത്തുന്നതും നിയമപരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അഭിഭാഷകൻ മുഹമ്മദ് അൽ ദർവിഷ് മുന്നറിയിപ്പ് നൽകി.തമാശയായോ സൗഹൃദപരമായോ പറയുന്ന വാക്കുകൾ പോലും സാഹചര്യത്തിനനുസരിച്ച് അധാർമിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരാമെന്ന് അദ്ദേഹം വ്യക്തമാക്കി.
മറ്റുള്ളവരെ അഭിസംബോധന ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളിലും പ്രയോഗങ്ങളിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. നിസ്സാരമായ കളിയാക്കലായി ചിലർ കരുതുന്ന പ്രവൃത്തികൾ പോലും ക്രിമിനൽ കേസിലേക്കും തടവുശിക്ഷയിലേക്കും നയിച്ചേക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നതിനെതിരെ കുവൈത്തിലെ നിയമസംവിധാനം സ്വീകരിക്കുന്ന കർശന നിലപാട് വ്യക്തമാക്കുന്നതാണ് ഈ കോടതി വിധി.



