കുവൈത്ത്സിറ്റി: അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ച കുവൈത്ത് പൗരന് മൂന്ന് മാസം കഠിനതടവ് വിധിച്ച് അഹമ്മദി മിസ്ഡിമീനർ കോടതി. മണിക്കൂറിൽ 190 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ചതിനാണ് ഇയാൾ പിടിയിലായത്.
ജഡ്ജി മുഹമ്മദ് തലാൽ അൽ ഹാജിരിയുടെ നേതൃത്വത്തിലുള്ള കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ ഗതാഗത നിയമലംഘനങ്ങളുടെ ചരിത്രം പരിശോധിച്ചപ്പോൾ 561 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതായി കണ്ടെത്തി. ഇവയുടെ ആകെ പിഴത്തുക 25,000 കുവൈത്ത് ദിനാറിലധികമാണ്.നിരന്തരമായി ഗതാഗത നിയമങ്ങൾ ലംഘിക്കുകയും റോഡ് സുരക്ഷയെ അവഗണിക്കുകയും ചെയ്ത പ്രതിയുടെ നടപടി അതീവ ഗൗരവത്തോടെയാണ് കോടതി പരിഗണിച്ചത്.
ഗതാഗത നിയമങ്ങൾ പാലിക്കുന്നത് കേവലം നിയമപരമായ ബാധ്യത മാത്രമല്ലെന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തം കൂടിയാണെന്നും കോടതി വ്യക്തമാക്കി. പൊതുനിരത്തുകൾ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അശ്രദ്ധമായ വാഹനമോടിക്കൽ ഡ്രൈവറുടെ ജീവൻ മാത്രമല്ല, മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അപകടത്തിൽ നഷ്ടപ്പെടുന്ന മനുഷ്യജീവൻ തിരികെ ലഭിക്കില്ലെന്നും ചെറിയൊരു അശ്രദ്ധ പോലും പരിഹരിക്കാനാകാത്ത ദുരന്തങ്ങൾക്ക് കാരണമാകാമെന്നും കോടതി ഓർമിപ്പിച്ചു.ഉത്തരവാദിത്തബോധം ഒരാളെ നിയമലംഘനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നില്ലെങ്കിൽ നിയമത്തിന്റെ ശക്തി അയാളെ പിന്തിരിപ്പിക്കുമെന്ന കർശന മുന്നറിയിപ്പോടെയാണ് കോടതി വിധി പ്രഖ്യാപിച്ചത്.



