കുവൈത്ത് സിറ്റി: സാൽമിയയിൽ കെട്ടിടത്തിന്റെ ബേസ്മെന്റിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഗോഡൗണുകളിൽ നടത്തിയ പരിശോധനയിൽ വ്യാജ ഉൽപ്പന്നങ്ങളും ഉത്ഭവരാജ്യത്തിന്റെ വിവരങ്ങൾ മാറ്റിയ ഇലക്ട്രിക്കൽ ഉപകരണങ്ങളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ പ്രവാസികളെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി.ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം, വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി-ജല മന്ത്രാലയം, ജനറൽ ഫയർ ഫോഴ്സ് എന്നിവയുടെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്.
സാൽമിയയിലെ ഒരു കെട്ടിടത്തിന്റെ ബേസ്മെന്റ് നിരവധി ഗോഡൗണുകളായി വിഭജിച്ച് ഔദ്യോഗിക വാടകക്കരാറുകളില്ലാതെ വാടകയ്ക്ക് നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ഗോഡൗണിൽ വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തി. മറ്റ് രണ്ട് ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന വാട്ടർ പമ്പുകളുടെയും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും ഉത്ഭവരാജ്യം സംബന്ധിച്ച വിവരങ്ങൾ മാറ്റി രേഖപ്പെടുത്തിയിരുന്നതായും അധികൃതർ കണ്ടെത്തി.ഉൽപ്പന്നങ്ങൾ യഥാർത്ഥത്തിൽ നിർമ്മിച്ച രാജ്യം മറച്ചുവച്ച് തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുന്നത് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വ്യാപാര തട്ടിപ്പാണെന്ന് അധികൃതർ വ്യക്തമാക്കി.
കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം കേസുകൾ രജിസ്റ്റർ ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ഗോഡൗണുകൾ ജനറൽ ഫയർ ഫോഴ്സ് അടച്ചുപൂട്ടി സീൽ ചെയ്തു.പിടിയിലായ ഇന്ത്യക്കാരെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
പൊതുതാൽപര്യം മുൻനിർത്തി ഇവരെ കുവൈത്തിൽനിന്ന് നാടുകടത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.രാജ്യത്ത് വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും അനധികൃത സംഭരണവും വ്യാപാര തട്ടിപ്പുകളും തടയുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.



