കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട നാലു വ്യത്യസ്ത കേസുകളിലായി ആറുപേരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്.
പരിശോധനയിൽ 410 ഗ്രാം ഷാബു (ക്രിസ്റ്റൽ മെത്താംഫെറ്റമിൻ), മയക്കുമരുന്ന് കലർന്ന ദ്രാവകത്തിൽ മുക്കിയ 175 കെമിക്കൽ പേപ്പറുകൾ, 60 ഗ്രാം ഹഷീഷ് എന്നിവ പിടിച്ചെടുത്തു. ഇതിനുപുറമെ മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 540 കുവൈത്ത് ദിനാറും മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ത്രാസുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.മയക്കുമരുന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി പ്രതികൾ ലഹരിവസ്തുക്കൾ കൈവശംവച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അറസ്റ്റിലായ ആറുപേരെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും മറ്റ് തെളിവുകളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.രാജ്യത്ത് മയക്കുമരുന്ന് വ്യാപനവും അനധികൃത വിൽപ്പനയും തടയുന്നതിനായി സുരക്ഷാ വിഭാഗങ്ങൾ പരിശോധനകൾ ശക്തമായി തുടരുകയാണ്. മയക്കുമരുന്ന് കടത്തിലും വിൽപ്പനയിലും ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ അറസ്റ്റുകൾ.



