കുവൈത്ത് സിറ്റി: കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോൾ ചെയ്ത് പണം തട്ടാൻ ശ്രമിക്കുന്ന സംഘങ്ങൾ പുതിയ തന്ത്രവുമായി രംഗത്ത്. പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ബാങ്ക് മാനേജരെന്ന വ്യാജേന മറ്റൊരാളുമായി സംസാരിപ്പിക്കുന്ന രീതിയാണ് തട്ടിപ്പുകാർ ഇപ്പോൾ സ്വീകരിക്കുന്നത്.
കുവൈത്ത് പൊലീസിന്റെ യൂണിഫോമിനോട് സാമ്യമുള്ള വസ്ത്രം ധരിച്ചാണ് തട്ടിപ്പുകാർ വീഡിയോ കോളിൽ പ്രത്യക്ഷപ്പെടുന്നത്. വിളിക്കുന്ന വ്യക്തിക്കെതിരെ കേസുണ്ടെന്നോ നിയമനടപടി സ്വീകരിക്കുമെന്നോ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഭയപ്പെടുത്തുകയാണ് ആദ്യഘട്ടം. തുടർന്ന് കൂടുതൽ പരിശോധനകൾക്കെന്ന പേരിൽ ബാങ്ക് മാനേജരാണെന്ന് പരിചയപ്പെടുത്തുന്ന മറ്റൊരാളിലേക്ക് കോൾ കൈമാറുന്നു.പൊലീസും ബാങ്ക് അധികൃതരും സംയുക്തമായി അന്വേഷണം നടത്തുകയാണെന്ന പ്രതീതി സൃഷ്ടിച്ച് ഇരകളുടെ വിശ്വാസം നേടാനാണ് ഈ നീക്കം. ഇതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്വേഡുകൾ, ഒടിപി നമ്പറുകൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ കൈക്കലാക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.
മുമ്പ് പൊലീസ് ഉദ്യോഗസ്ഥരായി മാത്രം അഭിനയിച്ചിരുന്ന തട്ടിപ്പുകാർ ഇപ്പോൾ ബാങ്ക് അധികൃതരുടെ വേഷവും ഉപയോഗിക്കുന്നതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ രീതികൾ പരീക്ഷിക്കുന്നത്.കുവൈത്ത് ആഭ്യന്തര മന്ത്രാലയം നേരത്തെയും ഇത്തരം തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ വീഡിയോ കോളിലൂടെ വ്യക്തികളെ ബന്ധപ്പെടുകയോ ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അപരിചിത നമ്പറുകളിൽ നിന്ന് പൊലീസിന്റെയോ ബാങ്കിന്റെയോ പേരിൽ വരുന്ന വീഡിയോ കോളുകളോട് പ്രതികരിക്കരുത്. സിവിൽ ഐഡി വിവരങ്ങൾ, ബാങ്ക് കാർഡ് നമ്പറുകൾ, പാസ്വേഡുകൾ, ഒടിപി എന്നിവ ഒരു കാരണവശാലും കൈമാറരുത്. സംശയാസ്പദമായ കോളുകൾ ഉടൻ അവസാനിപ്പിക്കുകയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഔദ്യോഗിക നമ്പറുകളിൽ നേരിട്ട് ബന്ധപ്പെടുകയും വേണം.ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.



