കുവൈറ്റ് സിറ്റി: സമഗ്രമായ സപ്ലിമെന്ററി വെഹിക്കിൾ ഇൻഷുറൻസ് പോളിസികൾ നൽകുന്നതിനുള്ള നിയമങ്ങൾ സംബന്ധിച്ച് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് 2026-ലെ 53-ാം നമ്പർ പ്രമേയം പുറത്തിറക്കി. പോളിസി നൽകൽ, വിലനിർണ്ണയം, ഇൻഷുറൻസ് തുക നിശ്ചയിക്കൽ, വാഹന പരിശോധന, ക്ലെയിം തീർപ്പാക്കൽ, ഡെഡക്ടിബിളുകൾ, നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളാണ് ഈ പ്രമേയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോളിസി ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇൻഷുറൻസ് കമ്പനികളുമായുള്ള ബന്ധം കൃത്യമായി നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുതിയ നടപടികൾ.
പോളിസി നൽകിയതിന് ശേഷമോ അല്ലെങ്കിൽ ഒരു അപകടം സംഭവിക്കുമ്പോഴോ വാഹനത്തിന്റെ മൂല്യം പുനർനിർണ്ണയിക്കുന്നതിൽ നിന്ന് കമ്പനികളെ ഈ പ്രമേയം വിലക്കുന്നു. അപകടസമയത്തെ വാഹനത്തിന്റെ കമ്പോടിലെ വിലയുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് തുകയോ നഷ്ടപരിഹാരമോ കുറയ്ക്കുന്ന തരത്തിലുള്ള പുനർനിർണ്ണയങ്ങളും പാടില്ല. പോളിസി നൽകുന്ന സമയത്ത് ഇരുവിഭാഗത്തിന്റെയും സമ്മതത്തോടെ കരാറിൽ രേഖപ്പെടുത്തിയിട്ടുള്ള തുക ഇൻഷുറൻസ് കമ്പനികൾ കർശനമായി പാലിക്കണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
വഞ്ചന, തെറ്റായ വിവരങ്ങൾ നൽകൽ, വസ്തുതാപരമായ പിശകുകൾ തുടങ്ങിയ അപൂർവ്വ സാഹചര്യങ്ങളിലൊഴികെ പിന്നീട് ഇരുവിഭാഗത്തിനും വാഹനത്തിന്റെ മൂല്യത്തെ ചോദ്യം ചെയ്യാൻ കഴിയില്ല. ഇൻഷുറൻസ് പോളിസിയിൽ വ്യക്തമായി പരാമർശിച്ചിട്ടില്ലാത്തതോ, പോളിസി എടുക്കുന്നതിന് മുൻപ് ഇൻഷുറൻസ് എടുത്തയാൾ പരിശോധിച്ചിട്ടില്ലാത്തതോ ആയ യാതൊരുവിധ അധിക തുകയോ ഫീസോ ഈടാക്കരുതെന്നും പ്രമേയത്തിൽ കർശന നിർദ്ദേശമുണ്ട്.
കൂടാതെ, ഇൻഷുറൻസ് കമ്പനികൾ അംഗീകൃത സാങ്കേതികവും ആക്ച്വറിയലുമായ അടിസ്ഥാനങ്ങളില്ലാതെ കുറഞ്ഞ നിരക്കിലോ പ്രത്യേക ഇളവുകളിലോ പോളിസികൾ നൽകരുതെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. റീ ഇൻഷുറൻസ് കരാറുകളുടെ പരിധിക്ക് പുറത്തുള്ള സപ്ലിമെന്ററി ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ മുൻകൂട്ടിയുള്ള ആക്ച്വറിയൽ അനുമതിയില്ലാതെ പുറത്തിറക്കുന്നതും പ്രമേയം വിലക്കുന്നുണ്ട്.



