കുവൈറ്റ് സിറ്റി: പ്രശസ്തമായ ജഹ്റ നേച്ചർ റിസർവ് വരുന്ന ഞായറാഴ്ച (നവംബർ 15) മുതൽ സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി അറിയിച്ചു. വന്യജീവികളെ നിരീക്ഷിക്കുന്നതിനായി റിസർവിന് ഉള്ളിൽ സജ്ജീകരിച്ചിട്ടുള്ള ഒബ്സർവേറ്ററികൾ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ‘സഹൽ’ ആപ്പ് വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും ജൈവവൈവിധ്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുമായി ഏവരും റിസർവ് സന്ദർശിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.
1987 മുതൽ നിലവിലുള്ളതും 18 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ളതുമായ ഈ റിസർവ്, കുടിയേറിവരുന്നവയും നാട്ടിലെ സ്ഥിരവാസികളുമായ വിവിധ പക്ഷികളുടെ പ്രധാന താവളമാണ്. കുവൈറ്റ് ഉൾക്കടലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മണൽ പരപ്പുകളിലൂടെ ഒഴുകിയെത്തുന്ന ജലത്താൽ രൂപപ്പെട്ട ചെറിയ കുളങ്ങളും കാടുകളും ഈ റിസർവിന്റെ പ്രത്യേകതയാണ്.
ഇവിടെയുള്ള ജലാശയങ്ങൾ വികസിപ്പിക്കുകയും, സമ്പന്നമായ ആവാസവ്യവസ്ഥ നിലനിൽക്കുന്ന റിസർവിലെ പ്രധാന റോഡുകൾ ടാറിട്ട് നവീകരിക്കുകയും ചെയ്തിട്ടുണ്ട്. കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഉപ്പുരസത്തെ പ്രതിരോധിച്ചു വളരുന്ന സസ്യവർഗ്ഗങ്ങൾ സമൃദ്ധമായി വളരുന്നുണ്ട്. തമരിക്, വില്ലോ തുടങ്ങിയ മരങ്ങൾക്ക് പുറമെ വിവിധയിനം നാടൻ ചെടികളും പുല്ലുകളും സീസണൽ ചെടികളും ഇവിടെ കാണപ്പെടുന്നു.



