കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പുതിയ രീതികളിലേക്ക് മാറുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹോട്ടൽ ബുക്കിങ്, വിനോദസഞ്ചാര പാക്കേജുകൾ, വാഹന വിൽപ്പന, ഓൺലൈൻ ഷോപ്പിങ് തുടങ്ങിയ മേഖലകളിൽ വ്യാജ പരസ്യങ്ങളിലൂടെ പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായാണ് അധികൃതർ വ്യക്തമാക്കിയത്.
ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ മാധ്യമ വിഭാഗം ഡയറക്ടർ കേണൽ ഉസ്മാൻ അൽ മൻസൂരിയാണ് ഇക്കാര്യം അറിയിച്ചത്. ‘ഗുഡ് മോണിങ് കുവൈറ്റ്’ ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും ഹോട്ടലുകളും ഷാലെകളും ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും തട്ടിപ്പുകൾ നടക്കുന്നത്. പ്രശസ്ത ഹോട്ടലുകളുടെയും ടൂറിസം സ്ഥാപനങ്ങളുടെയും പേരിൽ വ്യാജ വെബ്സൈറ്റുകൾ തയ്യാറാക്കി മുൻകൂർ പണം വാങ്ങിയശേഷം തട്ടിപ്പുകാർ അപ്രത്യക്ഷരാകുന്നതാണ് ഒരു രീതി.
സമൂഹമാധ്യമങ്ങളിലൂടെയുള്ള സാധനങ്ങളുടെ വിൽപ്പനയിലും സമാനമായ തട്ടിപ്പുകൾ വ്യാപകമാണ്. യഥാർഥത്തിൽ നിലവിലില്ലാത്ത ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്ത് പണം മുൻകൂറായി വാങ്ങുന്നതാണ് മറ്റൊരു രീതി.വാഹന വിൽപ്പനയുടെ പേരിലും തട്ടിപ്പുകൾ നടക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ കാറുകളുടെ പരസ്യം നൽകി വാങ്ങാൻ താൽപര്യമുള്ളവരിൽ നിന്ന് ബുക്കിങ് തുകയായി പണം കൈപ്പറ്റിയശേഷം തട്ടിപ്പുകാർ ബന്ധം വിച്ഛേദിക്കുന്ന സംഭവങ്ങളുണ്ട്.
ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ അംഗീകൃത സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്തണമെന്നും പണം കൈമാറുന്നതിന് മുമ്പ് പരസ്യങ്ങളുടെയും വെബ്സൈറ്റുകളുടെയും വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കാർഡ് നമ്പറുകൾ, ഒടിപി ഉൾപ്പെടെയുള്ള സുരക്ഷാ കോഡുകൾ എന്നിവ അപരിചിതരുമായി പങ്കുവയ്ക്കരുത്. സംശയാസ്പദമായ ലിങ്കുകളിൽ വ്യക്തിഗത വിവരങ്ങൾ നൽകുന്നതും ഒഴിവാക്കണം.
കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗത്തിലും രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളും സംശയാസ്പദമായ നീക്കങ്ങളും ഉടൻ സൈബർ ക്രൈം വിഭാഗത്തെ അറിയിക്കണം.ഇതിനായി 97283939 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



