കുവൈറ്റ് സിറ്റി: കുവൈറ്റിലെ വൻകിട വികസന പദ്ധതിയായ സിൽക്ക് സിറ്റിയുടെയും ബുബിയാൻ ദ്വീപിന്റെയും വികസന ചുമതലയുള്ള അതോറിറ്റി പിരിച്ചുവിട്ട് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. സിൽക്ക് സിറ്റി ആൻഡ് ബുബിയാൻ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റി സ്ഥാപിച്ച 2012ലെ 240-ാം നമ്പർ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് 2026ലെ 175-ാം നമ്പർ ഉത്തരവ് പുറപ്പെടുവിച്ചത്.
കുവൈറ്റിന്റെ ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽ യൗം’ പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചു.പുതിയ തീരുമാനപ്രകാരം സിൽക്ക് സിറ്റിയുടെയും കുവൈറ്റ് ദ്വീപുകളുടെയും വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ട സർക്കാർ സ്ഥാപനങ്ങളെ മന്ത്രിസഭ നിശ്ചയിക്കും. വികസന നയങ്ങൾ, പദ്ധതികൾ, പരിപാടികൾ എന്നിവ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള ഉത്തരവാദിത്തവും ഈ സ്ഥാപനങ്ങൾക്കായിരിക്കും.
പിരിച്ചുവിട്ട അതോറിറ്റിയുടെ കീഴിലുള്ള ആസ്തികൾ, കരാറുകൾ, ധാരണാപത്രങ്ങൾ, വികസന പദ്ധതികൾ, പഠന റിപ്പോർട്ടുകൾ, രേഖകൾ, ഫയലുകൾ, സാമ്പത്തിക വിഹിതങ്ങൾ എന്നിവ മന്ത്രിസഭ നിശ്ചയിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറും. അതോറിറ്റിയുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും ബാധ്യതകളും പുതിയ സ്ഥാപനങ്ങളിലേക്ക് മാറ്റും.അതോറിറ്റിയിലെ സ്ഥിരം ജീവനക്കാരെ സിവിൽ സർവീസ് കമ്മീഷന്റെ കീഴിലേക്ക് മാറ്റി മറ്റ് സർക്കാർ വകുപ്പുകളിൽ പുനർനിയമിക്കും. ഇവരുടെ നിലവിലുള്ള തസ്തികയും ശമ്പളവും സംരക്ഷിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മറ്റ് വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ സേവനം നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് അവസാനിപ്പിക്കും.പുതിയ ഉത്തരവിന് വിരുദ്ധമായ മുൻ വ്യവസ്ഥകളും റദ്ദാക്കിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ദിവസം മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.കുവൈറ്റിന്റെ ദീർഘകാല വികസന പദ്ധതികളിൽ പ്രധാനപ്പെട്ട സിൽക്ക് സിറ്റിയുടെയും ദ്വീപുകളുടെയും വികസന പ്രവർത്തനങ്ങളുടെ ഭരണപരമായ ചുമതലകൾ പുനഃക്രമീകരിക്കുന്നതാണ് പുതിയ തീരുമാനം.



