ഹൈദരാബാദ്: ചൈനയുടെ ‘ഷെൻഷൗ 24’ ബഹിരാകാശ ദൗത്യത്തിനുള്ള യാത്രികരുടെ വിവരങ്ങൾ പുറത്തുവിട്ടു. ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയുടെ റിപ്പോർട്ട് പ്രകാരം, പാകിസ്ഥാനി ബഹിരാകാശ സഞ്ചാരി മുഹമ്മദ് സീഷാൻ അലി (40), ചൈനീസ് സഹപ്രവർത്തകരായ ടാങ് ഹോങ്‌ബോ (51), വു യി (39) എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമാവുന്നത്. ചൈന സ്വന്തമായി നിർമ്മിച്ച ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കാൻ പോകുന്ന ആദ്യ വിദേശിയാണ് ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാക് പൗരനായ മുഹമ്മദ് സീഷാൻ അലി.
ദൗത്യത്തിലുള്ള മറ്റ് രണ്ട് യാത്രികർ ചൈനീസ് പൗരന്മാരാണ്. ഇവർ ദൗത്യത്തിന്‍റെ ഭാഗമായി കഠിന പരിശീലനത്തിലായിരുന്നു. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്‍ററിൽ നിന്ന് നാളെ (നവംബർ 25) ഇന്ത്യൻ സമയം പുലർച്ചെ 5:48ന് പേടകം വിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചതായി വാർത്താ ഏജൻയിയായ അസോസിയേറ്റ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാൻ എയർഫോഴ്‌സ് പൈലറ്റാണ് സീഷാൻ അലി. ‘ഷെൻഷൗ 24’ ദൗത്യത്തിൽ പേലോഡ് സ്പെഷ്യലിസ്റ്റിന്‍റെ ചുമതലയാണ് ഇദ്ദേഹം നിർവഹിക്കുകയെന്ന് ചൈനീസ് സർക്കാർ മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു. ബഹിരാകാശത്ത് ചെലവഴിക്കുന്ന സമയത്ത് ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമേ, ചൈനയും പാകിസ്ഥാനും തമ്മിലുള്ള സഹകരണത്തിന്‍റെ ഭാഗമായുള്ള മറ്റ് പരീക്ഷണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകും. ബയോടെക്‌നോളജി, മെറ്റീരിയൽ സയൻസ് എന്നീ മേഖലകളിലെ നാല് ശാസ്ത്രീയ പദ്ധതികൾ അദ്ദേഹം നടപ്പിലാക്കും. ഇതിൽ പ്രകാശസംശ്ലേഷണം നടത്തുന്ന സൂക്ഷ്മാണുക്കളെക്കുറിച്ചുള്ള ഒരു പരീക്ഷണവും ഉൾപ്പെടുന്നു.



