കുവൈത്ത്സിറ്റി: കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള അസോസിയേഷൻ അബ്ബാസിയ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിത്രരചനാ (ഡ്രോയിംഗ്), പെയിന്റിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ അബ്ബാസിയയിലെ Q8IAS എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നവംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. എൽ.കെ.ജി, യു.കെ.ജി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് കളർ പെൻസിലോ ക്രയോൺസോ ഉപയോഗിച്ച് ഒരു മണിക്കൂറാണ് സമയം അനുവദിക്കുക (കളറിംഗ് ചിത്രം നൽകുന്നതാണ്). മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികൾക്ക് കളർ പെൻസിൽ ഉപയോഗിച്ച് ഒന്നര മണിക്കൂറും, ആറ് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് വാട്ടർ കളർ ഉപയോഗിച്ച് രണ്ട് മണിക്കൂറുമാണ് മത്സര സമയം. ആറ് മുതൽ പത്ത് വരെയുള്ള ഗ്രൂപ്പുകളിലെ വിഷയം മത്സര വേദിയിൽ വെച്ച് നൽകും.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ നവംബർ 26-ന് മുൻപായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 55356430,69929521 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്



