കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ സംയുക്ത സൈനിക കമാൻഡിന്റെ മുൻനിര ആസ്ഥാനം കുവൈത്തിൽ സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച കുവൈത്തിൽ സൈനിക ഏകോപന യോഗം ആരംഭിച്ചു.നവംബർ 24 മുതൽ 26 വരെ നടക്കുന്ന യോഗത്തിൽ സംയുക്ത സൈനിക കമാൻഡ് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള അന്തിമ ക്രമീകരണങ്ങൾ ചർച്ച ചെയ്യുമെന്ന് കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു.ഗൾഫ് രാജ്യങ്ങൾക്കിടയിലെ സൈനിക സഹകരണം ശക്തിപ്പെടുത്തുക, സംയുക്ത സൈനിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, പ്രതിരോധ ഏകോപനം മെച്ചപ്പെടുത്തുക, സുരക്ഷാ ഭീഷണികളെ ഒരുമിച്ച് നേരിടാനുള്ള ശേഷി വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
നവംബർ 10ന് ബഹ്റൈനിലെ മനാമയിൽ നടന്ന ജിസിസി സംയുക്ത പ്രതിരോധ കൗൺസിലിന്റെ 23-ാമത് യോഗത്തിലാണ് കുവൈത്തിൽ മുൻനിര സൈനിക കമാൻഡ് സ്ഥാപിക്കുന്നതിനും ആവശ്യമായ സൈനികരെ നിയോഗിക്കുന്നതിനും അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ അംഗീകാരം നൽകിയത്.
മേഖലയിൽ സുരക്ഷാ വെല്ലുവിളികൾ വർധിക്കുന്ന സാഹചര്യത്തിൽ കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, യുഎഇ എന്നീ ആറ് ഗൾഫ് രാജ്യങ്ങളുടെ സംയുക്ത പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഈ നടപടിയെ വിലയിരുത്തുന്നത്. അതേസമയം, സൈനികരുടെ എണ്ണം, ആസ്ഥാനത്തിന്റെ കൃത്യമായ സ്ഥലം, പ്രവർത്തനം ആരംഭിക്കുന്ന തീയതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.



