സിഡ്‌നി ടെസ്റ്റ്: പേസ് ബോളര്‍ മുഹമ്മദ് സിറാജിനെതിരെ വംശീയാധിക്ഷേപം

  • 10/01/2021



സിഡ്‌നി: സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യന്‍ കളിക്കാര്‍ക്കു നേരെ വീണ്ടും വംശീയാധിക്ഷേപം. പേസ് ബോളര്‍ മുഹമ്മദ് സിറാജിനെതിരേയാണു വംശീയാധിക്ഷേപമുണ്ടായത്. ഇതേതുടര്‍ന്ന് ആറ് ഓസ്‌ട്രേലിയന്‍ ആരാധകരെ സിഡ്‌നി ക്രിക്കറ്റ് മൈതാനത്തുനിന്ന് പുറത്താക്കി.

മത്സരത്തിന്റെ നാലാം ദിനത്തില്‍ ഓസീസ് ബാറ്റു ചെയ്യുന്നതിനിടെയാണു സംഭവം. കാമറൂണ്‍ ഗ്രീനിനെതിരേ പന്തെറിഞ്ഞു ബൗണ്ടറി ലൈനിനടുത്ത് ഫീല്‍ഡ് ചെയ്യാന്‍ എത്തിയപ്പോള്‍ സിറാജിന് നേരെ കാണികളില്‍ ചിലര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. സിറാജ് അറിയിച്ചതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഇക്കാര്യം ഫീല്‍ഡ് അമ്പയര്‍മാരെ അറിയിച്ചു. ഇതേതുടര്‍ന്നു സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് ആറ് ആരാധകരെ ഗാലറിയില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കുനേരെ ഓസ്‌ട്രേലിയന്‍ ആരാധകര്‍ മൂന്നാം ദിനത്തിലും വംശീയാധിക്ഷേപം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ടീം ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണിനു പരാതി നല്‍കി. ഇന്ത്യയുടെ പരാതിയില്‍ ഐസിസി അന്വേഷണം ആരംഭിച്ചു.

വംശീയാധിക്ഷേപങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും (സിഎ) ഐസിസിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ വ്യക്തമാക്കി.

Related Articles