ന്യു ഡെൽഹി: കർഷക സമര വിഷയത്തിൽ സച്ചിൻ തെൻഡുൽക്കറിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ മലയാളികളുൾപ്പെടെയുള്ള ആരാധകരുടെ വിമർശനം. ‘ഇന്ത്യ ടുഗെദർ’ ക്യാംപെയ്നെതിരെയാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. ‘എന്നാലും ഇങ്ങള് അത് ചെയ്തല്ലോ’ എന്നാണ് ആരാധകരുടെ ചോദ്യം. ഇന്ത്യയിൽ കർഷകർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ ആക്രമണങ്ങൾ നടക്കുമ്പോൾ സച്ചിൻ ഒന്നും മിണ്ടിയില്ലെന്നും വിമർശനമുണ്ട്.1983 എന്ന നിവിൻ പോളി സിനിമയിൽ നടി ശൃന്ദയുടെ കഥാപാത്രം സച്ചിനെ അറിയില്ലെന്നു പറയുന്നുണ്ട്. സിനിമയിലെ കഥാപാത്രമായ സുശീലേച്ചിയായിരുന്നു ശരിയെന്ന് ഇപ്പോൾ ബോധ്യപ്പെട്ടതായും ചിലർ കുറിക്കുന്നു. സച്ചിൻ മറ്റു രാജ്യങ്ങളുടെ വിഷയങ്ങളിൽ തലയിടാൻ പോകരുതെന്നും ചിലർ ഉപദേശം നൽകുന്നു. ട്വിറ്ററിലും സച്ചിന്റെ നിലപാടിനെതിരെ വിമർശനം ഉയരുന്നുണ്ട്. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയെ പിന്തുണച്ചും ചിലർ രംഗത്തുവന്നു.സച്ചിൻ തെൻഡുൽക്കർ ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്റിങ്ങാണ്. സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച് പോപ് ഗായിക റിയാന പ്രതികരിച്ചതിനു പിന്നാലെയാണ് സച്ചിൻ ട്വിറ്ററിൽ നിലപാടറിയിച്ചത്. പുറത്തുനിന്നുള്ളവർ ഇന്ത്യയിലെ വിഷയത്തിൽ ഇടപെടേണ്ടെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയുണ്ടാകരുത്. പുറത്തുനിന്നുള്ളവർ കാഴ്ചക്കാരായാൽ മതി. ഇന്ത്യയുടെ പ്രശ്നത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. തീരുമാനങ്ങളെടുക്കാനും അറിയാം. ഒറ്റ രാജ്യമെന്ന നിലയിൽ ഐക്യത്തോടെ നിൽക്കാം– സച്ചിൻ ട്വിറ്ററിൽ കുറിച്ചു.സച്ചിന്റെ ട്വീറ്റിനെതിരെ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ വിമർശനം അറിയിച്ചു. ‘‘കർഷകർക്ക് ജലവും ഇന്റർനെറ്റും വൈദ്യുതിയും ഇല്ലാതായപ്പോൾ ഈ വമ്പൻ സെലിബ്രിറ്റികൾ ഒന്നും അനങ്ങിയില്ല. റിയാനയും ഗ്രേറ്റയും സംസാരിച്ചപ്പോൾ അവർ പെട്ടെന്ന് മൗനം ഭേദിച്ച് പുറത്തുവന്നു. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ.’’– പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?