ഇംഗ്ലണ്ടിനെതിരായ മിന്നും പ്രകടനം; ഐസിസി ടെസ്റ്റ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും ആർ അശ്വിനും

  • 17/02/2021


ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ വൻ നേട്ടം കൊയ്ത് ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും ആർ അശ്വിനും. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ കൂറ്റൻ സെഞ്ചുറിയുടെ നേടിയ പ്രകടനത്തോടെ രോഹിത് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഒമ്പത് സ്ഥാനങ്ങൾ കയറി പതിനാലാം സ്ഥാനത്തെത്തി.

ബൗളർമാരുടെ റാങ്കിംഗിൽ ഏഴാം സ്ഥാനത്ത് തുടരുകയാണെങ്കിലും ആറാം സ്ഥാനത്തുള്ള സ്റ്റുവർട്ട് ബ്രോഡുമായുള്ള റേറ്റിംഗ് പോയൻറ് വ്യത്യാസം അശ്വിൻ മൂന്നാക്കി കുറച്ചു. ഏഴാം സ്ഥാനത്തുള്ള അശ്വിന് 804 റേറ്റിംഗ് പോയൻറും ബ്രോഡിന് 807 റേറ്റിംഗ് പോയൻറുമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള നീൽ വാഗ്നറുമായുള്ള വ്യത്യാസം വെറും 21 പോയൻറാക്കി കുറക്കാനും അശ്വിനായി.

അശ്വിന് ഇതേ പ്രകടനം ആവർത്തിച്ചാൽ പരമ്പര പൂർത്തിയാവുമ്പോൾ രണ്ടാം സ്ഥാനത്തെക്ക് ഉയരാനാവും. ചെന്നൈ ടെസ്റ്റിൽ സെഞ്ചുറി നേടിയ അശ്വിൻ ബാറ്റിംഗ് റാങ്കിംഗിൽ 14 സ്ഥാനങ്ങൾ ഉയർന്ന് 81-ാം സ്ഥാനത്തെത്തി.

ചെന്നൈ ടെസ്റ്റിൽ അർധസെഞ്ചുറി നേടിയ റിഷഭ് പന്ത് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോലി അഞ്ചാം സ്ഥാനത്ത് തുടരുന്നു. ചെന്നൈ ടെസ്റ്റിൽ തിളങ്ങാൻ കഴിയാതിരുന്ന ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്തായപ്പോൾ ഓസ്ട്രേലിയയുടെ മാർനസ് ലാബുഷെയ്ൻ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

സ്റ്റീവ് സ്മിത്ത് രണ്ടാമതും കെയ്ൻ വില്യംസൺ ഒന്നാമതുമുള്ള ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ ചേതേശ്വർ പൂജാര എട്ടാം സ്ഥാനത്തുണ്ട്. ആദ്യ പത്തിലുണ്ടായിരുന്ന വൈസ് ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ പന്ത്രണ്ടാം സ്ഥാനത്തേക്ക് വീണു.

ബൗളർമാരിൽ എട്ടാം സ്ഥാനത്തുള്ള ജസ്പ്രീത് ബുമ്രയാണ് ആദ്യ പത്തിൽ അശ്വിന് പുറമെ ഇന്ത്യൻ സാന്നിധ്യമായുള്ളത്. ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ അശ്വിൻ അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ ജഡേജ രണ്ടാം സ്ഥാനത്ത് തുടരുന്നു. ജേസൺ ഹോൾഡറാണ് ഒന്നാമത്.

Related Articles