സമൂഹ മാധ്യമങ്ങളിലൂടെ ജനമനസ് കീഴടക്കിയ താരമാണ് 'സെറ'. രണ്ടു വയസേ ഉള്ളുവെങ്കിലും മോഡലിങ് രംഗത്തെ കുഞ്ഞു സെലിബ്രിറ്റിയാണ് തൃശൂർ മാള പാറോക്കിൽ സനീഷിൻറെയും സിജിയുടെയും ഏക മകളായ ഈ കുറുമ്പി. അധികം ആരോടും സംസാരിക്കാനോ ഇടപെഴകാനോ സെറ തുടങ്ങിയിട്ടില്ല. എന്നാൽ, കാമറക്ക് മുന്നിലെത്തിയാൽ സെറയുടെ കണ്ണുകൾ തിളങ്ങും കവിളുകൾ തുടുക്കും ചുണ്ടുകളിൽ പുഞ്ചിരി വിരിയും. അത്രക്ക് ഇഷ്ടമാണ് ഈ രണ്ടു വയസുകാരിക്ക് കാമറക്ക് മുമ്പിൽ നിൽകാനും ചിത്രങ്ങൾ പകർത്താനും.അമ്മ സിജിയുടെ ഇടവകയായ ഇടുക്കി രാജാക്കാട് ക്രിസ്തുരാജ പള്ളിയിൽ നടന്ന മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ട് സെറയുടെ ചിത്രങ്ങൾ എടുത്തിരുന്നു. ഒമ്പതുമാസം മുതൽ കാമറയിൽ പകർത്തിയ സെറയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി.ഈ ചിത്രങ്ങൾ കാണാൻ ഇടയായ സനീഷിൻറെ സുഹൃത്തുകളായ ഫോട്ടോഗ്രാഫർമാരും സംവിധായകൻ ഒമർ ലുലുവിൻറെ അസോസിയേറ്റ് ഡയറക്ടർ ലിജീഷും ആണ് കുഞ്ഞു സെറയുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത്. ഓൺലൈൻ മാധ്യമങ്ങൾ ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.ഇതാണ് പരസ്യങ്ങളിൽ അഭിനയിക്കാനുള്ള വഴി സെറക്ക് മുമ്പിൽ തുറന്നത്. 13 ഓളം ഓൺലൈൻ സൈറ്റുകൾ, മാഗസിനുകൾ, പ്രൊഡക്ഷൻ കമ്പനികൾ എന്നിവക്ക് വേണ്ടി സെറയുടെ ചിത്രങ്ങൾ പകർത്തി കഴിഞ്ഞു. തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്സ് അടക്കം നിരവധി കമ്പനികളുടെ പരസ്യങ്ങളിൽ സെറ നിറസാന്നിധ്യമായി. ബാലതാരങ്ങളുടെ സമൂഹ മാധ്യമ ഗ്രൂപ്പിലും ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും ഈ താരത്തിന് നിറയെ ആരാധകരുണ്ട്. പരസ്യ ചിത്രീകരണത്തിന് എത്തുന്ന സെറ, പറഞ്ഞു കൊടുക്കുന്ന പോലെ തന്നെ ചെയ്യും. കുട്ടിക്ക് അസൗകര്യമാകാത്ത തരത്തിലാണ് പരസ്യ ചിത്രീകരണം നടത്തുക. സെറയെ പരസ്യ മോഡലാക്കാൻ നിരവധി പേരാണ് മാതാപിതാക്കളെ സമീപിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയ ശേഷം സെറയെ ഹ്രസ്വ ചിത്രത്തിലേക്ക് പരിഗണിക്കാമെന്ന് ഇടവേള ബാബു പറഞ്ഞിട്ടുണ്ട്. കൊച്ചു സെറക്ക് സിനിമയിൽ മുഖം കാണിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദുബൈയിൽ എയർപോർട്ട് ക്വാളിറ്റി വിഭാഗം ജീവനക്കാരനായ സനീഷും നഴ്സായ സിജിയും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?