ഇൻഡോർ പ്ലാന്റിനായി മനോഹരമായ കൊക്കഡാമ തയ്യാറാക്കാം

  • 30/05/2022



ഇൻഡോർ പ്ലാന്റുകൾക്ക് ലോകത്തെങ്ങും മുമ്പില്ലാത്തവിധം പ്രചാരമുണ്ട്. ആളുകളെല്ലാം ഇൻഡോർ പ്ലാന്റുകൾ വളർത്താൻ താൽപര്യപ്പെടുന്നവരാണ്. അതുപോലെ ബോൺസായ് വളർത്തിയെടുക്കാനും മിക്കവരും ഇഷ്ടപ്പെടുന്നു. അങ്ങനെയുള്ളവർക്ക് പറ്റിയ ഒന്നാണ് ജപ്പാനിൽ ഏറെയും പ്രചാരത്തിലുള്ള കൊക്കഡാമ. അതിപ്രാചീനമായ ഒരു രീതിയാണ് ഇത്. എന്താണ് കൊക്കഡാമ എന്നല്ലേ? കൊക്ക എന്നാൽ പായൽ എന്നാണ് അർത്ഥം. ഡാമ എന്നാൽ പന്തും. വേണമെങ്കിൽ മലയാളത്തിൽ ഇതിനെ 'പായൽപ്പന്ത്' എന്ന് വിളിക്കാം. പ്ലാസ്റ്റിക്കുകളൊന്നും തന്നെ ഉപയോ​ഗിക്കാത്തതിനാൽ ഒരു സുസ്ഥിര മാതൃക എന്ന നിലയിലും ഇത് പ്രസിദ്ധമാണ്. 

അലങ്കാര സസ്യങ്ങൾ നട്ടുവളർത്തുന്ന പായൽ കൊണ്ട് പൊതിഞ്ഞ മണ്ണിന്റെ പന്താണ് കൊക്കഡാമ. 'പാവപ്പെട്ടവന്റെ ബോൺസായ്' എന്നും ഇതിനെ സാധാരണയായി വിളിക്കാറുണ്ട്. ഇത് നനഞ്ഞ മണ്ണ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പന്തിന്റെ ആകൃതിയാണ് ഇതിന്. പന്തുണ്ടാക്കിയെടുത്ത ശേഷം അതിനു ചുറ്റും പായൽ ചുറ്റുകയാണ്. കൊക്കഡാമ എവിടെയെങ്കിലും വയ്ക്കുകയോ തൂക്കിയിടുകയോ ഒക്കെ ചെയ്യാം. 

കൊക്കഡാമ തയ്യാറാക്കാനും എളുപ്പമാണ്. ഇതിനായി, മണ്ണ് (ആവശ്യമെങ്കിൽ ചാണകപ്പൊടി, ചകിരി ഒക്കെ ചേർത്ത മിശ്രിതം), വെള്ളം, പായൽ, നൂൽ എന്നിവയൊക്കെയാണ് പ്രധാനമായും ആവശ്യം വരുന്നത്. എങ്ങനെയാണ് കൊക്കഡാമ ഉണ്ടാക്കി എടുക്കുന്നത് എന്ന് ഇനി നോക്കാം. 

കൊക്കഡാമ എങ്ങനെ ഉണ്ടാക്കാം?

മണ്ണിന്റെ ഒരു പന്തുണ്ടാക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചകിരി, മണ്ണ്, ചാണകപ്പൊടി എന്നിവ വെള്ളവുമായി ചേർത്ത് കുഴച്ച് പന്തുണ്ടാക്കണം. പന്ത് ശരിയായ രൂപത്തിലും ഉറപ്പിലും കിട്ടി എന്ന് ഉറപ്പിക്കണം. 

അതിനുശേഷം രണ്ടാമതായി പായൽ എടുക്കുക. പിന്നീട്, പായൽ നന്നായി വൃത്തിയാക്കണം. അതിൽ എന്തെങ്കിലും മാലിന്യങ്ങളോ കമ്പുകളോ ഒക്കെ കുടുങ്ങി കിടക്കുന്നുണ്ട് എങ്കിൽ അതെല്ലാം എടുത്തുമാറ്റി ക്ലീൻ പായൽ എടുത്ത് വയ്ക്കുക. അത് പന്തിന് പുറത്ത് ചുറ്റിക്കൊടുക്കുക. നേരിയ നൂലുകൾ കൊണ്ട് കെട്ടിക്കൊടുക്കാം. (ചെടി വച്ച ശേഷവും പായൽ ചുറ്റാവുന്നതാണ്.)

ഇനി മൂന്നാമതായി ചെയ്യേണ്ടത് ഏത് ചെടിയാണോ നമുക്ക് നമ്മുടെ പായൽപ്പന്തിൽ വയ്ക്കേണ്ടത്. ആ ചെടി അത് നിലവിലുള്ള പാത്രത്തിൽ നിന്നും എടുക്കുക എന്നതാണ്. വെറുതെ എടുത്താൽ പോരാ. നല്ല സൂക്ഷ്മത വേണം. ഒട്ടും മണ്ണ് അവശേഷിക്കാതെ വേരോടെ വേണം ചെടി എടുക്കാനായിട്ട് ശ്രദ്ധിക്കണം. അതിനായി വളരെ ശ്രദ്ധയോടെ വേര് പൊട്ടാതെ മണ്ണ് പയ്യെപ്പയ്യെ മുഴുവനായും തട്ടിക്കളയാം. പിന്നീട് അതിന്റെ അടിഭാ​ഗം കുറച്ച് പായലിൽ പൊതിയാം. അതും നൂല് വച്ച് കെട്ടിവയ്ക്കാം. അയച്ചുവേണം നൂല് കെട്ടാൻ എന്നത് മറന്നു പോകരുത്. 

പിന്നീട് ഇത് നേരത്തെ തയ്യാറാക്കിയ പന്തിലിറക്കി വയ്ക്കാം. ചെടി ഇറക്കിവച്ച ശേഷം പായൽ ചുറ്റിയാലും മതി. പായൽ ചുറ്റുമ്പോൾ അത് നന്നായി നൂൽ വച്ച് കെട്ടണം. ചെടി ഇറക്കി വയ്ക്കുമ്പോൾ ചെടിയുടെ തണ്ട് പായലിൽ പൊതിഞ്ഞത് മുഴുവനും പന്തിനകത്തായിരിക്കണം. എല്ലാം സെറ്റായി എന്ന് തോന്നിയാൽ പന്തിനെ സുന്ദരമാക്കാൻ അധികമായി പുറത്തേക്ക് നിൽക്കുന്നു എന്ന് തോന്നുന്ന പായൽ ഭാ​ഗങ്ങളൊക്കെ ഒന്ന് വെട്ടിയൊതുക്കി സുന്ദരമാക്കാം. 

Related Articles