വിരമിക്കൽ പ്രഖ്യാപിച്ച് യൂസഫ് പത്താൻ

  • 26/02/2021

ബറോഡ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ മത്സര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ക്രിക്കറ്റിൻറെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് 38കാരനായ പത്താൻ പ്രഖ്യാപിച്ചു. കരിയറിലുടനീളം തന്നെ പിന്തുണച്ച കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും രാജ്യത്തിനും പത്താൻ നന്ദി പറഞ്ഞു.

ഇന്ത്യക്കായി 57 ഏകദിനങ്ങളും 22 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.  ഏകദിനങ്ങളിൽ നിന്നും 810 റൺസും ടി20 മത്സരങ്ങളിൽ നിന്നായി 236 റൺസും നേടിയിട്ടുണ്ട്. 2010ൽ ബംഗലൂരുവിൽ ന്യൂസിലൻഡിനെതിരെ നേടിയ 123 റൺസാണ് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. ന്യൂസിലൻഡ് ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം പത്താൻറെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ അന്ന് മറികടന്നത്. സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കക്കെതിരെയും കൊടുങ്കാറ്റ് വേഗത്തിൽ സെഞ്ചുറി നേടി തിളങ്ങിയ പത്താൻ തൻറെ പാർട്ട് ടൈം ഓഫ് സ്പിന്നിലൂടെ 46 വിക്കറ്റുകളും സ്വന്തമാക്കി.

007ൽ ടി20 ലോകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും പത്താൻ അംഗമായിരുന്നു. ഐപിഎല്ലിൽ എന്നും പൊന്നും വിലയുള്ള താരമായിരുന്ന പത്താൻ വിവിധ ടീമുകൾക്കായി 12 സീസണുകളിൽ പാഡണിഞ്ഞു. ഷെയ്ൻ വോണിന് കീഴിൽ രാജസ്ഥാൻ റോയൽസിനെ ആദ്യ ഐപിഎൽ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതോടെയാണ് പത്താനെ ഇന്ത്യൻ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്.

ഐപിഎല്ലിൽ 3204 റൺസും 42 വിക്കറ്റുകളുമാണ് പത്താൻറെ നേട്ടം. 2001-2002 സീസണിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബറോഡക്കായി അരങ്ങേറിയ പത്താൻ 4800 റൺസും 201 വിക്കറ്റും നേടിയിട്ടുണ്ട്. 2010ലെ ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിനായി ഇറങ്ങിയ പത്താൻ ദിനേശ് കാർത്തിക് നയിച്ച സൗത്ത് സോൺ ഉയർത്തിയ 541 റൺസിൻറെ വിജയലക്ഷ്യം പിന്തുടർന്ന് ജയിക്കുന്നതിൽ ടീമിന് നിർണായക സംഭാവന നൽകി.

കൊടുങ്കാറ്റ് വേഗത്തിൽ 210 റൺസുമായി പുറത്താകാതെ നിന്നാണ് അസാധ്യമെന്ന് കരുതിയ വിജയലക്ഷ്യത്തിലേക്ക് പത്താൻ വെസ്റ്റ് സോണിനെ നയിച്ചത്. യൂസഫ് പത്താൻറെ സഹോദരനായ ഇർഫാൻ പത്താനും മുൻ ഇന്ത്യൻ താരമാണ്. ഇർഫാൻ നേരത്തെ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.

Related Articles