ബാല്യകാല സ്വപ്നം സാക്ഷാത്കരിച്ച് ഹിമ; ഇനി അസം പൊലീസിൽ ഡിഎസ്പി

  • 27/02/2021

ഡിസ്‌പുർ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിൻറെ അഭിമാനമുയർത്തിയ ഹിമ ഇനി അസം പൊലീസിൽ ഡിഎസ്പി. വെള്ളിയാഴ്ചയാണ് ഡെപ്യൂട്ടി സൂപ്രണ്ടായി ഹിമ ചുമതലയേറ്റത്. ബാല്യകാല സ്വപ്നം സാക്ഷാത്കരിച്ചതായാണ് പുതിയ ഉത്തരവാദിത്തത്തേക്കുറിച്ച് ഹിമ ദാസ് പ്രതികരിച്ചത്. സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനൊപ്പം സ്പോർട്സിൽ തുടരുമെന്നും ഹിമ വ്യക്തമാക്കി. തനിക്ക് എല്ലാം ലഭിച്ചത് സ്പോർട്സിലൂടെയാണ്. ഹരിയാന പോലെ തന്നെ അസമിൻറെ പേര് സ്പോർട്സിൽ ഉയർത്താൻ ശ്രമിക്കുമെന്നും ഹിമ ദാസ് വിശദമാക്കി.

ഹിമയുടെ പൊലീസിലേക്കുള്ള നിയമനം സംസ്ഥാനത്തെ യുവജനങ്ങൾക്ക് കൂടുതലായി സ്പോർട്സിൽ ആഭിമുഖ്യം തോന്നാൻ സഹായകരമാകുമെന്നാണ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പ്രതികരിച്ചത്. 2018ലാണ് അസം സ്വദേശിയായ ഹിമ ദാസ് 400 മീറ്ററിൽ ലോക ചാമ്പ്യനായത്. ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കാനുള്ള യോഗ്യത നേടാനുള്ള പരിശീലനത്തിലാണ് ഹിമയുള്ളത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ച ഹിമ ഇന്ത്യൻ ഗ്രാൻഡ് പ്രിക്സ് 2വിൽ 200 മീറ്ററിൽ സ്വർണം നേടിയിരുന്നു.

ഹിമയ്ക്കൊപ്പം 597 സബ് ഇൻസ്പെക്ടർമാരാണ് വെള്ളിയാഴ്ച  അസം പൊലീസിൻറെ ഭാഗമായത്. ജനസൌഹാർദ്ദപരമായ പൊലീസിംഗ് ആണ് ലക്ഷ്യമിടുന്നതെന്നും അസം പൊലീസ് വിശദമാക്കുന്നു.

Related Articles