ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ മികച്ച നേട്ടവുമായി രോഹിത് ശർമ

  • 28/02/2021

ദുബായ്: കരിയറിലെ മികച്ച നേട്ടവുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ. ഫെബ്രുവരി അവസാനം പുറത്തിറങ്ങിയ ടെസ്റ്റ് റാങ്കിങ്ങിൽ ആറു സ്ഥാനങ്ങൾ മുന്നോട്ടുകയറി ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ രോഹിത് എട്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് രോഹിത്തിന് നേട്ടമായത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 161 റൺസെടുത്ത രോഹിത് മൂന്നാം ടെസ്റ്റിലെ ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ 66 റൺസടിച്ചിരുന്നു. ഇതിനു മുമ്പ് 2019 ഒക്ടോബറിൽ 10-ാം സ്ഥാനത്തെത്തിയതായിരുന്നു രോഹിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്. 

919 പോയന്റുമായി ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. സ്റ്റീവ് സ്മിത്ത് (891), മാർനസ് ലബുഷെയ്ൻ (878), ജോ റൂട്ട് (853) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി 836 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്. ചേതേശ്വർ പൂജാര 10-ാം സ്ഥാനത്തേക്ക് വീണു.

3 ടെസ്റ്റിൽ നിന്ന് 298 റൺസുമായി പരമ്പരയിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് രോഹിത്. അതേസമയം ബൗളർമാരുടെ റാങ്കിങ്ങിൽ നാല് സ്ഥാനങ്ങൾ മുന്നോട്ടു കയറി ഇന്ത്യൻ താരം ആർ. അശ്വിൻ മൂന്നാം സ്ഥാനത്തെത്തി. ബൗളർമാരുടെ റാങ്കിങ്ങിൽ ആദ്യ 10 പേരിലുള്ള ഒരേയൊരു സ്പിന്നർ അശ്വിനാണ്.

Related Articles