ദോഹ: തിരിച്ചുവരവ് ഗംഭീരമാക്കി ഇന്ത്യൻ താരം സാനിയ മിർസ. ദോഹയിൽ നടക്കുന്ന ഖത്തർ ടോട്ടൽ ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ ഡബിൾസിൽ സാനിയയും സ്ലോവേനിയൻ താരമായ ആന്ദ്രെജ ക്ലെപാകും ഉൾപ്പെടുന്ന സഖ്യം ആദ്യ മത്സരത്തിൽ വിജയം കരസ്ഥമാക്കി. ഉക്രെയിനിന്റെ നാദിയ കിചെനോക്-ല്യുദ്മില കിചെനോക് സഖ്യത്തെ 6-7, 6-4, 10-5 എന്ന സ്‌കോറിനാണ് തകർത്തത്. 12 മാസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് സാനിയ മിർസ കളിക്കളത്തിലേക്ക് എത്തിയത്. ഖത്തർ ഓപ്പൺ മത്സരത്തിലാണ് അവർ അവസാനം പങ്കെടുത്തതും. തനിക്ക് കൊറോണ പോസിറ്റീവ് ആയതായി ഈ വർഷം ജനുവരിയിൽ സാനിയ വെളിപ്പെടുത്തിയിരുന്നു. രോഗബാധിതയായതിനെ തുടർന്ന് തന്റെ രണ്ട് വയസുള്ള കുഞ്ഞിനെ പിരിഞ്ഞിരിക്കേണ്ടിവന്ന ദുർഘടമായ അവസ്ഥയും അവർ ആരാധകരോട് പങ്കുവച്ചിരുന്നു. കൊറോണ വൈറസ് കേവലം തമാശയല്ലെന്നും എല്ലാവരും വൈറസിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകളെടുക്കണമെന്നും അവർ അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം സാനിയ മിർസയ്ക്ക് ഫെഡ് കപ്പ് ഹാർട്ട് അവാർഡ് ലഭിച്ചിരുന്നു. ഏഷ്യ ഓഷ്യാന സോണിലെ ഗ്രൂപ്പ് ഒന്നിലുള്ള നോമിനികൾക്ക് ആകെ ലഭിച്ച 16985 വോട്ടുകളിൽ പതിനായിരം വോട്ടും നേടിയാണ് സാനിയ അവാർഡിന് അർഹയായത്. ഈ അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സാനിയ. പുരസ്‌കാരം തന്റെ രാജ്യത്തിന് സമർപ്പിക്കുന്നതായി പറഞ്ഞ സാനിയ സമ്മാനത്തുക മുഴുവനായി കൊറോണ വൈറസിനെതിരായ പോരാട്ടത്തിനു വേണ്ടി തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?