ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് കൊറോണ; ഒരാഴ്‌ചയ്‌ക്കിടെ കൊറോണ പോസിറ്റീവാകുന്ന അഞ്ചാം ഇന്ത്യൻ ക്രിക്കറ്റർ

  • 30/03/2021



ന്യൂ ഡെൽഹി: ഇന്ത്യൻ വനിതാ ടി20 ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് കൊറോണ സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുള്ള ഹർമൻപ്രീത് വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ്. നാല് ദിവസമായി നേരിയ പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് കൊറോണ പരിശോധനയ്‌ക്ക് താരം വിധേയയായത്. 

ഹർമൻപ്രീത് വീട്ടിൽ ഐസൊലേഷനിലാണ്. നാല് ദിവസമായി നേരിയ പനിയുണ്ടായിരുന്നു. അതിനാൽ ഇന്നലെ നടത്തിയ കൊറോണ പരിശോധനയുടെ ഫലം ഇന്ന് പുറത്തുവന്നപ്പോൾ പോസിറ്റീവാകുകയായിരുന്നു. ഹർമൻറെ ആരോഗ്യനില തൃപ്തികരമാണ്. വേഗം സുഖംപ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരത്തോട് അടുത്ത വൃത്തങ്ങൾ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ദക്ഷിണാഫ്രിക്ക വനിതകൾക്കെതിരെ അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയിൽ ഹർമൻപ്രീത് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മധ്യനിരയിലിറങ്ങി ഒരു അർധ സെഞ്ചുറിയും ഒരു 40 പ്ലസ് സ്‌കോറും കണ്ടെത്തിയ താരം എന്നാൽ അവസാന ഏകദിനത്തിനിടെ ഏറ്റ പരിക്കിനെ തുടർന്ന് ടി20 പരമ്പരയിൽ കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയ്‌ക്കിടെ താരങ്ങളെ തു‍ടർച്ചയായി കൊറോണ പരിശോധനയ്‌ക്ക് വിധേയരാക്കിയിരുന്നതിനാൽ അതിന് ശേഷമാകും ഹർമൻപ്രീതിന് വൈറസ് ബാധയേറ്റിട്ടുണ്ടാകാൻ സാധ്യത. ഒരാഴ്‌ചയ്‌ക്കിടെ കൊറോണ പോസിറ്റീവാകുന്ന അഞ്ചാം ഇന്ത്യൻ ക്രിക്കറ്ററാണ് ഹർമൻപ്രീത് കൗർ. 

Related Articles