ബാംഗ്ലൂരിന്റെ സീസണിലെ ആദ്യ തോൽവി; ചെന്നൈയ്ക്ക് 69 റൺസ് ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമത്

  • 25/04/2021


മുംബൈ: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 69 റൺസ് ജയം. ചെന്നൈ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടാനേ സാധിച്ചുള്ളൂ. ചെന്നൈക്കായി ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ രവീന്ദ്ര ജഡേജയാണ് പ്ലെയർ ഓഫ് ദി മാച്ച്‌. സീസണിൽ ബാംഗ്ലൂരിന്റെ ആദ്യ തോൽവിയാണിത്.

രവീന്ദ്ര ജഡേജയുടെ അവസാന ഓവർ വെടിക്കെട്ടിൽ ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് ദേവ്ദത്ത് പടിക്കൽ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ മൂന്ന് ഓവറിൽ നിന്ന് ടീം സ്കോർ 40ൽ നിൽക്കേ ക്യാപ്റ്റൻ വിരാട് കോഹ്ലി എട്ട് റൺസുമായി സാം കറന്റെ പന്തിൽ ധോണിക്ക് ക്യാച്ച്‌ നൽകി മടങ്ങിയതോടെ ബാംഗ്ലൂരിന്റെ വീഴ്ച ആരംഭിച്ചു. അഞ്ചാം ഓവറിൽ 15 പന്തിൽ 34 റൺസുമായി നന്നായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന ദേവദത്തിനെ റെയ്നയുടെ കൈകളിൽ എത്തിച്ച താക്കൂർ മത്സരം ചെന്നൈക്ക് അനുകൂലമാക്കി. 4 ഫോറുകളും രണ്ടു സിക്സറുകളും അടങ്ങിയതായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്‌സ്.

പിന്നീട് വന്ന മാക്‌സ്‌വെൽ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും 15 പന്തിൽ 22 റൺസുമായി നിൽക്കെ ജഡേജ കുറ്റി തെറിപ്പിച്ചു. അടുത്ത പ്രതീക്ഷയായിരുന്ന ഡി വില്ലിയേഴ്സിന്റെയും കുറ്റി ജഡേജ എടുത്തു. നാല് റൺസ് മാത്രമായി ഡിവില്ലിയേഴ്സും മടങ്ങി. പിന്നീട് വന്നവരിൽ കൈൽ ജാമിസൺ (16) സിറാജ് (12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ബാംഗ്ലൂർ നിരയിലെ മറ്റുള്ളവർ എല്ലാം ഒറ്റ അക്ക റൺസിൽ പുറത്തായി.

ചെന്നൈക്കായി രവീന്ദ്ര ജഡേജ 4 ഓവറുകളിൽ 13 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തപ്പോൾ നാലോവർ എറിഞ്ഞ ഇമ്രാൻ താഹിർ 16 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും, 4 ഓവറിൽ 11 റൺസ് മാത്രം വഴങ്ങി ശാർദൂൽ താക്കൂർ ഒരു വിക്കറ്റും, സാം കറൺ ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈക്ക് വേണ്ടി അവസാന ഓവറിൽ രവീന്ദ്ര ജഡേജ വെടിക്കെട്ടാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 37 റൺസാണ് ഹർഷാൽ പട്ടേലിന്റെ അവസാന ഓവറിൽ ജഡേജ അടിച്ചു കൂട്ടിയത്. ഇതോടെ ഐപിഎല്ലിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിസ് ഗെയ്‌ലിനൊപ്പമെത്തി ജഡേജ. 2011ൽ കൊച്ചി ടസ്‌കേഴ്‌സ് കേരളക്ക് എതിരെ ആയിരുന്നു ക്രിസ് ഗെയ്‌ലിന്റെ നേട്ടം.

ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നാല് ജയവും ഒരു തോൽവിയുമായി ചെന്നൈ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ഒരേ പോയിന്റുകളാണെങ്കിലും റൺ റേറ്റിലെ വ്യത്യാസത്തിൽ ബാംഗ്ലൂർ രണ്ടാമതായി.

Related Articles