2022ലെ ഏഷ്യാകപ്പിന് പാകിസ്താൻ വേദിയായേക്കും; ശ്രീലങ്ക 2023ൽ ആതിഥേയത്വം വഹിക്കും

  • 21/05/2021

ഇസ്ലാമബാദ്: കൊറോണ മഹാമാരിയെ തുടർന്ന് മുടങ്ങിയപ്പോയ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് 2022ൽ പാകിസ്താൻ വേദിയായേക്കും. 2021ൽ ജൂണിൽ ശ്രീലങ്കയിൽ വെച്ച്‌ നടത്താമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിൽ ശ്രീലങ്കയിൽ കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഏഷ്യാ കപ്പ് പോലൊരു ടൂർണമെന്റ നടത്താൻ സാധിക്കില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കുകയായിരുന്നു.

ഐ.സി.സി. ലോക ടെസ്റ്റ്  ചാംപ്യൻഷിപ് ഫൈനലും ഏഷ്യാ കപ്പും ഏകദേശം ഒരേ സമയത്താണ് നടക്കുക. ഇതും ടൂർണമെന്റ് റദ്ദാക്കാനുള്ള കാരണമായതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇഹ്‌സൻ മാനി അഭിപ്രായപ്പെട്ടു. നിലവിൽ മാറ്റിവെക്കപ്പെട്ട ഏഷ്യാകപ്പിന് പകരമെന്നോണം 2023ലെ ടൂർണമെന്റിന് ശ്രീലങ്ക വേദിയാവും. 2018ൽ യുഎഇയിലാണ് അവസാനമായി ടൂർണമെന്റ് നടന്നത്. ഇന്ത്യയായിരുന്നു ജേതാക്കളായത്. 2022ൽ പാകിസ്താൻ ഏഷ്യാകപ്പിന് വേദിയായാൽ ഇന്ത്യ ടൂർണമെന്റിൽ നിന്നും പിന്മാറാനാണ് സാധ്യത. വളരെക്കാലമായി പാകിസ്താനും ഇന്ത്യയും തമ്മിൽ രാഷ്ട്രീയപരമായി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളും നടക്കുന്നില്ല. അതിനാൽത്തന്നെ പാകിസ്താനിൽ ടൂർണമെന്റ് നടന്നാൽ ഇന്ത്യ വിട്ടുനിൽക്കാനുള്ള സാധ്യതയാണ് കൂടുതൽ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇക്കാര്യത്തിൽ ആലോചിച്ച്‌ തീരുമാനമെടുത്തേക്കും.

ഏഷ്യാകപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയാൽ ടൂർണമെന്റ് നടത്തിപ്പുകാർക്ക് അത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയേക്കും. കൊറോണ വ്യാപനം കണക്കിലെടുത്ത് സ്റ്റേഡിയത്തിൽ ആളുകളെ പ്രവേശിപ്പിക്കാൻ സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ ചാനലുകളിലൂടെ മാത്രമേ ആരാധകർക്ക് ടൂർണമെന്റ് മത്സരങ്ങൾ കാണാൻ കഴിയുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയെ പോലൊരു ടീം വിട്ട് നിൽക്കുന്നത് ചാനൽ സംപ്രേഷണം ചെയ്യുന്നവർക്ക് വലിയ നഷ്ടമുണ്ടാക്കും. ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ കാണുന്ന ആരാധകരുടെ എണ്ണം വളരെ കൂടുതലാണ്, കൂടാതെ ടൂർണമെന്റിന് ലഭിക്കുന്ന പിന്തുണയിലും കുറവ് ഉണ്ടായേക്കും. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് പാകിസ്താൻ ടീമുകളാണ് ഏഷ്യാ കപ്പിലെ പ്രധാന ടീമുകൾ.

ഇന്ത്യയാണ് ഏഷ്യാകപ്പിലെ ഏറ്റവും ശക്തരായ ടീം. വൻകരയിലെ ഏറ്റവും വലിയ ക്രിക്കറ്റ് പോരാട്ടത്തിൽ ഏഴ് തവണയാണ് ഇന്ത്യ കിരീടം നേടിയിട്ടുള്ളത്. അവസാന രണ്ട് സീസണിലും ഇന്ത്യയായിരുന്നു ജേതാക്കൾ. അവസാനമായി ഇന്ത്യ കിരീടം നേടിയത് രോഹിത് ശർമയുടെ കീഴിലായിരുന്നു. ഈ വർഷം ജൂലൈയിൽ ഇന്ത്യ ശ്രീലങ്കൻ പര്യടനം നടത്തുന്നുണ്ട്. സീനിയർ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ജൂനിയർ ടീമാവും ശ്രീലങ്കയിലേക്ക് പോവുക.

നിലവിൽ ഇന്ത്യയിലടക്കം പല രാജ്യത്തും കൊറോണ വ്യാപനം ശക്തമായി തുടരുന്നുണ്ട്. രോഗവ്യാപനം നിയന്ത്രണാതീതമായി തുടരുകയാണ്. രോഗവ്യാപനം കുറച്ച്‌ കൊണ്ടുവന്നാൽ മാത്രമേ വലിയ ടൂർണമെന്റുകൾ നടത്താൻ കഴിയുകയുള്ളൂ. ഈ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ ടി20 ലോകകപ്പ് നടക്കാനുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ടി20 ലോകകപ്പിന്റെ വേദി മാറ്റാനാണ് സാധ്യത. ഇന്ത്യയിൽ രോഗവ്യാപനം കുറഞ്ഞാൽ മാത്രമേ ഇവിടെ നടത്തുകയുള്ളൂ.

Related Articles