ഐപിഎൽ സീസണിലെ ബാക്കി മത്സരങ്ങൾക്ക് യുഎഇ വേദിയാവും

  • 29/05/2021

ന്യൂഡെൽഹി: പതിനാലാം ഐപിഎൽ സീസണിലെ ബാക്കി മത്സരങ്ങൾക്ക് സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ യുഎഇ വേദിയാവും. ബിസിസിഐയുടെ പ്രത്യേക ജനറൽ മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിലെ മൺസൂൺ സീസൺ പരി​ഗണിച്ചാണ് വേദി മാറ്റം എന്നാണ് വിശദീകരണം. ഇതിനൊപ്പം ടി20 ലോകകപ്പിന് വേദിയൊരുക്കുന്ന വിഷയത്തിൽ തീരുമാനം അറിയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടാനും ബിസിസിഐ തീരുമാനിച്ചു.

ജൂൺ ഒന്നിന് ടി20 ലോകകപ്പിന്റെ കാര്യത്തിൽ തീരുമാനം എടുക്കാനാണ് ഐസിസിയുടെ നീക്കം. എന്നാൽ ടി20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റുന്നതിനെ ബിസിസിഐ എതിർക്കും. ഇന്ത്യയിൽ തന്നെ ലോകകപ്പ് നടത്തുന്നതിനുള്ള സാധ്യതകൾ തേടാനാണ് ബിസിസിഐയുടെ തീരുമാനം. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ലോകകപ്പ്.

31 മത്സരങ്ങളാണ് ഇനി ഐപിഎല്ലിൽ ബാക്കിയുള്ളത്. ബയോ ബബിളിനുള്ളിൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഏപ്രിൽ ആദ്യ വാരം ഐപിഎൽ മത്സരങ്ങൾ റദ്ദാക്കുകയായിരുന്നു.

ഇന്ത്യയുടെ ഇം​ഗ്ലണ്ട് പര്യടനത്തിന് ശേഷവും ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് ഇടയിലുമായി വരുന്ന ഒരു മാസത്തെ സമയമാണ് ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ നടത്താൻ ബിസിസിഐ തെരഞ്ഞെടുത്തത്.

Related Articles