റിയാദ്: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 കാണാൻ വരുന്നവർക്ക് അയല്‍രാജ്യമായ സൗദി അറേബ്യ കൂടി സന്ദർശിക്കാൻ അവസരം. ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തർ അനുവദിച്ച ‘ഹയ്യ’ കാർഡ് കൈവശമുള്ള ഫുട്ബാൾ പ്രേമികൾക്കാണ് സൗദി അറേബ്യയിൽ രണ്ടുമാസം തങ്ങാനുള്ള വിസ അനുവദിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നവർക്കുള്ള ഡിജിറ്റൽ ആൾറൗണ്ട് പെർമിറ്റാണ് ‘ഹയ്യ’ കാർഡ്. ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയ ശേഷം പ്രത്യേകം അപേക്ഷ നൽകിയാലാണ് ഇത് ലഭിക്കുക. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഇത് നിർബന്ധമാണ്. മത്സര ദിവസങ്ങളിൽ ഖത്തറിൽ സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇതുവഴി ലഭിക്കും. 2022 നവംബർ ഒന്നിനും 2023 ജനുവരി 23നുമിടയിൽ ലോകകപ്പ് സീസൺ സന്ദർശിക്കുന്ന എല്ലാ അന്താരാഷ്ട്ര സന്ദർശകർക്കും ഖത്തറിലേക്കുള്ള പ്രവേശനാനുമതിയായിരിക്കും ഹയ്യ കാർഡ്. ലോകകപ്പ് സീസണിൽ 60 ദിവസം വരെ രാജ്യത്ത് ചെലവഴിക്കാൻ ഹയ്യ കാർഡ് കൈവശമുള്ളവർക്ക് സാധിക്കുമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഹയ്യ കാർഡ് ഉടമകൾ ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം വഴി സൗദി ഇലക്ട്രോണിക് വിസ നേടിയാൽ ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കും. വിസ അപേക്ഷയുടെ നടപടിക്രമം മന്ത്രാലയം പിന്നീട് അറിയിക്കുമെന്ന് ഒദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇപ്രകാരം എൻട്രി വിസ ലഭിക്കുന്നവർക്ക് 60 ദിവസം വരെ രാജ്യത്ത് താമസിക്കാം. വിസാകാലയളവിൽ എത്രതവണ വേണമെങ്കിലും സൗദിയിൽ പ്രവേശിക്കാനും പുറത്തുപോകാനും അനുമതിയുണ്ടായിരിക്കും. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കമെന്ന വ്യവസ്ഥയില്ല. രാജ്യത്തേക്ക് വരുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?