ലോകകപ്പ്: കാണികൾക്കായി മൂന്നാമതൊരു ക്രൂയിസ് ഷിപ്പ് കൂടി വാടകക്ക് എടുത്ത് ഖത്തർ

  • 12/10/2022



ദോഹ: ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ എത്തുന്നവര്‍ക്ക് താമസിക്കാനായി മൂന്നാമതൊരു ക്രൂയിസ് ഷിപ്പ് കൂടി വാടകക്ക് എടുത്തിരിക്കുകയാണ് ഖത്തര്‍. ഒരു രാത്രിക്ക് 38,000 രൂപയാണ് വാടക. ലോകകപ്പ് ഫുട്‌ബോളിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഖത്തര്‍. എന്നാല്‍ കളി കാണാനെത്തുന്ന എല്ലാവര്‍ക്കും താമസ സൗകര്യം ഒരുക്കാന്‍ വേണ്ടത്ര ഹോട്ടലുകള്‍ ഖത്തറില്‍ ഇല്ല. തൊട്ടടുത്ത രാജ്യങ്ങളില്‍ താമസിച്ച് കളി കാണാന്‍ ഖത്തറിലേക്ക് വിമാനത്തില്‍ വരാനുള്ള സൗകര്യവും കുറഞ്ഞ ചെലവില്‍ ഒരുക്കി. 

അത് പോരാ ഖത്തറില്‍ തന്നെ താമസിച്ച്, കളി ആസ്വദിക്കണമെന്നുള്ളവര്‍ക്കായി രണ്ട് ക്രൂയിസ് കപ്പലും തയ്യാറാക്കിയിരുന്നു. ഫ്‌ലോട്ടിംഗ് ഹോട്ടലായി. ഇത് കൊണ്ടും മതിയാകില്ലെന്ന് തോന്നിയതോടെയാണ് മൂന്നാമതൊരു ക്രൂയിസ് കപ്പല്‍ കൂടി വാടകയ്ക്ക് എടുക്കുന്നത്. ജനീവയിലെ എംഎസ്‌സി ഒപ്പേറയുമായി കരാറിലെത്തി. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നവംബര്‍ 19 മുതല്‍ ഡിസംബര്‍ 19 വരെ ഈ കപ്പലുണ്ടാകും. ഒരു ദിവസത്തേക്ക് 38,000 രൂപയാണ് വാടക. പരമാവധി രണ്ട് ദിവസം ഇവിടെ താമസിക്കാം. 

നേരത്തെ, ഫുട്ബോള്‍ ലോകകപ്പിനായെത്തുന്ന സന്ദര്‍ശകര്‍ക്ക് കൊവിഡ് പ്രോട്ടോകോള്‍ പ്രഖ്യാപിച്ചിരുന്നു ഖത്തര്‍. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണികള്‍ക്ക് നിര്‍ബന്ധമാക്കി. വാക്സിനേഷന്‍ നിര്‍ബന്ധമല്ല. പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ മാസ്‌കും ധരിക്കണം. കോണ്‍ടാക്റ്റ് ട്രേസിംഗ് ഫോണ്‍ ആപ്ലിക്കേഷനായ എഹ്തെരാസ് 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. 12 ലക്ഷത്തിലധികം കാണികള്‍ ഖത്തറിലെത്തുമെന്നാണ് കരുതുന്നത്.

Related Articles