ഫിഫ ലോകകപ്പ്: രണ്ടാം ഘട്ട മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഖത്തർ ഇന്ന് സെനഗലിനെ നേരിടും

  • 25/11/2022




ദോഹ : ഫിഫ ലോകകപ്പിലെ രണ്ടാം ഘട്ട മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുമ്പോൾ ഖത്തർ ഇന്ന് വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. വൈകുന്നേരം നാലു മണിക്ക് അൽ തുമാമ സ്റ്റേഡിയത്തിൽ സെനഗലുമായാണ് ഖത്തർ രണ്ടാം അങ്കത്തിനിറങ്ങുന്നത്.

ഉൽഘാടന മൽസരത്തിൽ ഇക്വഡോറിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ഏഷ്യൻ ചാമ്പ്യന്മാർക്ക് ശക്തമായ തിരിച്ചുവരവിനുള്ള അവസരമായാണ് ഇന്നത്തെ മൽസരത്തെ ആരാധകർ കാണുന്നത്. ആതിഥേയരെന്ന നിലയിൽ ആദ്യ ലോകകപ്പിൽ കളിക്കാനിറങ്ങിയ താരങ്ങൾക്ക് പ്രതീക്ഷകളുടെ അമിതഭാരം കടുത്ത സമ്മർദമാണ് നൽകിയതെങ്കിൽ  അർജന്റീനക്കെതിരായ സൗദിയുടെ അട്ടിമറി വിജയമുൾപ്പെടെ കഴിഞ്ഞ മത്സരങ്ങളിലെ ചില അപ്രതീക്ഷിത ഫലങ്ങൾ രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ഖത്തറിന് കൂടുതൽ ആത്മവിശ്വാസം നൽകും.

അതേസമയം,കഴിഞ്ഞ 21ന് നെതർലാൻഡ്‌സിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച സെനഗൽ ലോകകപ്പിൽ വേണ്ടത്ര പരിചയമില്ലാത്ത ഖത്തറിന് കടുത്ത പ്രതിരോധം തീർക്കുമെന്ന് ഉറപ്പാണ്.അവസാന മത്സരത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കി കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തിയത് സെനഗലായിരുന്നെങ്കിലും സാദിനോ മാനേ എന്ന അവരുടെ ഇതിഹാസത്തിന്റെ അഭാവം കളത്തിൽ പ്രകടമായിരുന്നു.

ഫിഫാ റാങ്കിങ്ങിൽ ഖത്തർ 50 ആം സ്ഥാനത്തും സെനഗൽ പതിനെട്ടാം സ്ഥാനത്തുമാണ്.നവംബർ 29ന് നെതർലാൻഡ്‌സുമായാണ് ഖത്തറിന്റെ മൂന്നാമത്തെ മത്സരം.

Related Articles