അർജന്റീന ഇന്ന് വീണ്ടും കളത്തിലിറങ്ങും: ടീമിൽ അടിമുടി മാറ്റം

  • 26/11/2022



ദോഹ: സൗദിക്കെതിരായ പരാജയത്തിന് ശേഷം ഖത്തർ ലോകകപ്പിൽ അർജന്റീന ഇന്ന് വീണ്ടും കളത്തിലിറങ്ങും. രാത്രി ഖത്തർ സമയം 10 മണിക്ക് ലുസൈൽ സ്റ്റേഡിയത്തിൽ മെക്സിക്കോയുമായാണ് അർജന്റീന കൊമ്പു കോർക്കുന്നത്.

കിരീട പ്രതീക്ഷയുമായി എത്തിയ ലയണല്‍ മെസിയുടെ അര്‍ജന്റീന ഇപ്പോള്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള പെടാപ്പാടിലാണ്. ലോകകപ്പ് ഗ്രൂപ്പ് സി യിലെ ആദ്യ മത്സരത്തില്‍ 1 - 2 ന് സൗദി അറേബ്യക്കു മുന്നില്‍ മുട്ടുകുത്തിയ അര്‍ജന്റീന, ജീവന്മരണ പോരാട്ടത്തിനായാണ് ഇന്ന് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. മെക്‌സിക്കോയ്ക്ക് എതിരേ ജയിച്ചാല്‍ മാത്രമേ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമായി നിലനിര്‍ത്താന്‍ സാധിക്കൂ.

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇറങ്ങിയ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മാറ്റം വരുത്തിയാകും മുഖ്യ പരിശീലകന്‍ ലിയോണല്‍ സ്‌കലോനി അര്‍ജന്റീനയെ അണിനിരത്തുക എന്നാണ് സൂചന. തുടര്‍ച്ചയായ 36 മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയ ശേഷം അര്‍ജന്റീന, സൗദി അറേബ്യക്കു മുന്നില്‍ വീണത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച അര്‍ജന്റീന ടീമിന്റെ പരിശീലനത്തില്‍ ലിയോണല്‍ സ്‌കോലോനി മെക്‌സിക്കോയ്ക്ക് എതിരായ സാധ്യതാ ഇലവനെ അതത് സ്ഥാനത്ത് അണിനിരത്തിയാണ് ഇറക്കിയത്. സൗദി അറേബ്യക്ക് എതിരേ ഡിഫെന്‍സില്‍ ഇറങ്ങിയ നാല് കളിക്കാരില്‍ മൂന്ന് പേര്‍ സൗദി അറേബ്യക്ക് എതിരായ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉണ്ടാകില്ല എന്നാണ് സൂചന.

നെഹ്വല്‍ മൊളിന, ക്രിസ്റ്റ്യന്‍ റൊമേറൊ, നിക്കോളാസ് ഒറ്റമെന്‍ഡി, നിക്കോളാസ് തഗ്ലിയാഫികോ എന്നിവരായിരുന്നു സൗദി അറേബ്യക്ക് എതിരേ അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ ഡിഫെന്‍ഡേഴ്‌സ്. ഇതില്‍ നിക്കോളാസ് തഗ്ലിയാഫികോയ്ക്ക് പകരക്കാരനായി സൗദി അറേബ്യക്ക് എതിരേ മാര്‍കോ അകൂന ഇറങ്ങിയിരുന്നു. 

മെക്‌സിക്കോയ്ക്ക് എതിരേ മാര്‍കോ അകൂന സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടംപിടിച്ചേക്കും. ക്രിസ്റ്റിയന്‍ റൊമേറൊയ്ക്ക് പകരം ലിസാന്‍ഡ്രൊ മാര്‍ട്ടിനെസും നെഹ്വല്‍ മൊളിനയ്ക്കു പകരം ഗോണ്‍സാലൊ മോണ്ടീലും ഡിഫെന്‍സ് ലൈനില്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇറങ്ങാനാണ് സാധ്യത.

എയ്ഞ്ചല്‍ ഡി മരി, റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രൊ പരേഡസ്, പാപു ഗോമസ് എന്നിവരായിരുന്നു സൗദി അറേബ്യക്ക് എതിരായ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ മധ്യനിര താരങ്ങള്‍. പാപു ഗോമസിനു പകരമായി ഏനസൊ ഫെര്‍ണാണ്ടസ് മെക്‌സിക്കോയ്ക്ക് എതിരേ ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. മധ്യനിരയില്‍ ലിയാന്‍ഡ്രൊ പരേഡസിനു പകരമായി ഗുയ്‌റൊ റോഡ്രിഗസ്, അലെക്‌സിസ് അല്ലിസ്റ്റര്‍ എന്നിവരില്‍ ആലെങ്കിലും സര്‍പ്രൈസ് എന്‍ട്രിയായി എത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Articles