ഗോളിന്റെ ഉടമസ്ഥതയില്‍ ആശയക്കുഴപ്പം; പിന്നാലെ ബ്രൂണോയുടേതെന്ന് സ്ഥിരീകരണം

  • 29/11/2022



ദോഹ: ഫിഫ ലോകകപ്പ് എച്ച് ഗ്രൂപ്പില്‍ ഉറുഗ്വെയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ രണ്ട് ഗോളുകളാണ് പോര്‍ച്ചുഗലിന് ജയമൊരുക്കിയത്. ഒരു ഗോള്‍ ബോക്‌സിന് പുറത്ത് നിന്നായിരുന്നു. മറ്റൊന്ന് പെനാല്‍റ്റി കിക്കിലൂടേയും. ഖത്തര്‍ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ബ്രൂണോ. ഘാനയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ട് അസിസ്റ്റുകളും ബ്രൂണോ നേടിയിരുന്നു.

എന്നാല്‍ ബ്രൂണോയുടെ ആദ്യ ഗോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതിന്റെ കാരണക്കാരന്‍ മറ്റാരുമല്ല, ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെ. യഥാര്‍ത്ഥത്തില്‍ ബ്രൂണോ ക്രിസ്റ്റിയാനോയ്ക്ക് ഹെഡ് ചെയ്യാന്‍ പാകത്തില്‍ ക്രോസ് ചെയ്ത പന്തായിരുന്നു അത്. ഉയര്‍ന്നുചാടിയ ക്രിസ്റ്റ്യാനോ പന്ത് ഹെഡ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ താരത്തിന് ശരിയായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല.

തലമുടിയില്‍ ഉരസിയാണ് പന്ത് ഗോള്‍വര കടന്നത്. ഒരുപക്ഷേ ക്രിസ്റ്റ്യാനോ ഹെഡ് ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാവാം ഉറുഗ്വെന്‍ ഗോള്‍ കീപ്പര്‍ക്ക് ആശയകുഴപ്പമായത്. എന്തായാലും ക്രിസ്റ്റ്യാനോ തന്റെ ഗോളെന്ന രീതിയില്‍ ആഘോഷവും തുടങ്ങി. എന്നാല്‍ നിമിഷങ്ങള്‍ക്കകം തിരുത്ത് വന്നു. ബ്രൂണോയ്ക്ക് അവകാശപ്പെട്ട ഗോളാണ് അതെന്ന് ഔദ്യോഗികമായി തെളിഞ്ഞു.

Related Articles