ലോകകപ്പില്‍ അമേരിക്കയോടുള്ള തോല്‍വി ആഘോഷമാക്കി ഇറാനികള്‍

  • 30/11/2022




ഇറാന്‍: അമേരിക്കയോടുള്ള ഇറാന്‍റെ വിരോധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അമേരിക്കയ്ക്കെതിരെ ഏറ്റവും കൂടുതല്‍ തവണ കടുത്ത ഭാഷയില്‍ സംസാരിച്ചിട്ടുള്ള മറ്റ് രാഷ്ട്രങ്ങളുടെ ഭരണാധികാരികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും ഇറാന്‍റെ ഭരണകൂടവും ഭരണത്തലവന്മാരുമായിരിക്കും. എന്നാല്‍, ഇന്ന് ചരിത്രത്തിന്‍റെ വിധിവൈപരിത്യം പോലെ അമേരിക്കയോട് ലോകകപ്പ് ഫുട്ബോളില്‍ സ്വന്തം രാജ്യം തോറ്റതിന് പിന്നാലെ ഇറാനികള്‍ പടക്കം പൊട്ടിച്ച് ആഘോഷമാക്കിയെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നു. 

അമേരിക്കയോട് തോറ്റതോടെ ഇറാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത് പോവുകയും ബദ്ധശത്രുക്കളായ അമേരിക്ക നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു. ഒരു ഗോളിനായിരുന്നു ഇറാന്‍റെ തേല്‍വി. എന്നാല്‍, ഈ തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഇറാനികളാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. പടക്കം പൊട്ടിച്ചും തെരുവുകളില്‍ നൃത്തം ചവിട്ടിയും വാഹനങ്ങളുടെ ഹോണുകള്‍ മുഴക്കിയുമാണ് ഇറാനികള്‍ സ്വന്തം രാജ്യത്തിന്‍റെ തോല്‍വിയെ വരവേറ്റത്. 

കുർദിസ്ഥാനിലെ മഹബാദില്‍ പടക്കങ്ങൾ പൊട്ടിച്ചും വാഹനങ്ങളുടെ ഹോണ്‍ മുഴക്കിയും ആളുകള്‍ രാജ്യത്തിന്‍റെ തോല്‍വി ആഘോഷിച്ചു.  മാരിവാനില്‍ ആകാശത്തേക്ക് പടക്കങ്ങള്‍ പൊട്ടിച്ചായിരുന്നു ആഘോഷം. കെർമാൻഷാ പ്രവിശ്യയിലെ പാവേയിലും സർപോൾ-ഇ സഹാബിലും വെടിക്കെട്ടുയര്‍ന്നു. 

"ഞാൻ മൂന്ന് മീറ്റർ ചാടി അമേരിക്കയുടെ ഗോൾ ആഘോഷിക്കുമെന്ന് ആരാണ് കരുതിയിരുന്നത്!" തോൽവിക്ക് ശേഷം ഇറാനിയൻ ഫുട്ബോള്‍ ജേണലിസ്റ്റ് സയീദ് സഫറാനി ട്വീറ്റ് ചെയ്തു.  "ഇതാണ് മധ്യത്തിൽ കളിക്കുന്നത്, അവർ ജനങ്ങളോടും എതിരാളികളോടും എന്തിന് സർക്കാരിനോടും തോറ്റുപോയി". പോഡ്‌കാസ്റ്റർ ഇലാഹെ ഖോസ്രാവിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ഇറാൻ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകൻ അമീർ എബ്‌തേഹാജിയുടെ ട്വീറ്റ്  'അവര്‍ അകത്തും പുറത്തും തോറ്റു' എന്നായിരുന്നു.

Related Articles