മമ്മൂട്ടിയുടെ 'നൻപകല്‍ നേരത്ത് മയക്കം' ഒടിടിയിലേക്ക്: റിലീസ് പ്രഖ്യാപിച്ചു

  • 18/02/2023



മമ്മൂട്ടിയുടേതായി സമീപകാലത്ത് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് 'നൻപകല്‍ നേരത്ത് മയക്കം'. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ ഗംഭീരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ട ചിത്രത്തിന് തിയറ്ററുകളിലും വരവേല്‍പ് ലഭിക്കുന്നതില്‍ മമ്മൂട്ടി നന്ദി അറിയിച്ച് രംഗത്ത് എത്തിയിരുന്നു. 'നൻപകല്‍ നേരത്ത് മയക്കം' എന്ന സിനിമ ഒടിടിയിലേക്ക് എത്തുന്നതാണ് പുതിയ വാര്‍ത്ത.

'നൻപകല്‍ നേരത്ത് മയക്കം' എന്ന സിനിമ നെറ്റ്ഫ്ലിക്സിലാണ് സ്‍ട്രീം ചെയ്യുക. ഫെബ്രുവരി 23 മുതലാണ് സ്‍ട്രീമിംഗ്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. തമിഴ് ഭാഷയും ഗ്രാമങ്ങളും ഇടകലരുന്ന ചിത്രമായതിനാല്‍ അവിടെയും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ 'നൻപകല്‍ നേരത്ത് മയക്കം' കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്‍തത്. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, അശ്വത് അശോക്‍കുമാര്‍, സഞ്‍ജന ദിപു തുടങ്ങിയ നിരവധി താരങ്ങളും വേഷമിട്ട ചിത്രം ആഘോഷപൂര്‍വമായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്. എസ് ഹരീഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

Related Articles