ബജറ്റ് 50 കോടി; ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് സാമന്തയുടെ 'ശാകുന്തളം'

  • 19/04/2023




സാമന്ത റൂത്ത് പ്രഭുവിനെ കേന്ദ്ര കഥാപാത്രമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്ത മിത്തോളജിക്കല്‍ ഡ്രാമ ചിത്രം ശാകുന്തളത്തിന് ബോക്സ് ഓഫീസില്‍ വന്‍ പരാജയം. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സുമായി ചേര്‍ന്ന് ഗുണാ ടീം വര്‍ക്സിന്‍റെ ബാനറില്‍ നീലിമ ഗുണയാണ് ചിത്രം നിര്‍മ്മിച്ചത്. 50- 60 കോടി ബജറ്റ് കണക്കാക്കപ്പെടുന്ന ചിത്രത്തിന് ആദ്യ ദിനം മുതല്‍ മോശം മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. കളക്ഷനിലും അത് പ്രതിഫലിച്ചതോടെ സമീപകാല തെലുങ്ക് സിനിമയില്‍ ഏറ്റവും വലിയ പരാജയത്തിലേക്കാണ് ചിത്രം നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏപ്രില്‍ 14 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം ദിവസം നേടിയത് കേവലം 50 ലക്ഷം രൂപ മാത്രമാണെന്ന് ട്രേഡ് അനലിസ്റ്റുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ അഞ്ച് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 6.85 കോടി മാത്രമാണെന്നും ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ ഉണ്ട്. 

മഹാഭാരതത്തിലെ ഉപകഥയെ ആസ്പദമാക്കി കാളിദാസന്‍ രചിച്ച പ്രശസ്ത നാടകം അഭിജ്ഞാന ശാകുന്തളത്തെ അധികരിച്ചാണ് ഗുണശേഖര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമന്ത ശകുന്തളയാവുമ്പോള്‍ ദുഷ്യന്തനായി എത്തുന്നത് മലയാളി താരം ദേവ് മോഹന്‍ ആണ്. നിര്‍മ്മാതാക്കള്‍ക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന പ്രോജക്റ്റ് ആണിത്.

Related Articles