ചൂട് കൊറോണ വൈറസിനെ തടയും, പ്രചാരണങ്ങളെ തള്ളി ലോകാരോഗ്യ സംഘടന

  • 29/08/2020

27 ഡിഗ്രി ചൂട് കൊറോണ വൈറസിനെ തടയുമെന്ന വാദത്തേയും പ്രചാരണങ്ങളേയും ആരോഗ്യ വിദഗ്ധര്‍ തള്ളി. താപനില 8.72 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേയ്ക്ക് ഉയര്‍ന്നതിന് ശേഷം കൊറോണ വ്യാപനത്തില്‍ കുറവുണ്ടായിട്ടുണ്ട് എന്ന തരത്തില്‍ ചൈനയില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ ഡബ്ല്യുഎച്ച്ഒ തള്ളിക്കളയുന്നു. ചൈനയിലെ ഗുവാങ്ഷുവിലുള്ള സണ്‍യ യാറ്റ് സെന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനമാണ് താപനില, വൈറസിനെ സ്വാധീനിക്കുന്നതായി പറയുന്നത്.

അതേസമയം മറ്റ് പല വൈറസുകളേയും കാലാവസ്ഥാ മാറ്റങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ കൊറോണയ്ക്ക് അത് ബാധകമല്ലെന്നും ഏത് തരം കാലാവസ്ഥയിലും ഇത് പടരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ വൈറസിന്റെ സ്വാഭാവം പ്രവചിക്കാന്‍ കഴിയാത്തത് എപ്പിഡെമിയോളജിസ്റ്റുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന സീസണല്‍ വൈറസുകളെ പോലെയല്ല കൊറോണ, കാലാവസ്ഥാമാറ്റങ്ങളോട് പ്രതികരിക്കുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു.

ഇറ്റലി കൊറോണ വൈറസ് മൂലം സ്തംഭിക്കുന്ന നിലയിലാണ്. രാജ്യവ്യാപക യാത്രനിയന്ത്രണങ്ങളടക്കമുള്ളവയാണ് ഇറ്റലി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റ് അനുമതി നല്‍കുന്നുള്ളൂ. സിനിമ, ജിമ്മുകള്‍, വിവാഹച്ചടങ്ങുകള്‍, കായിക മത്സരങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിട്ടിട്ടുണ്ട്. ഏഴ് രാജ്യങ്ങളില്‍ ആയിരത്തിലധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചൈനയില്‍ പ്രതിദിനമുള്ള മരണനിരക്ക് കുറയുകയും 60,000ത്തില്‍ പരം പേര്‍ വൈറസ് മുക്തി നേടിയെങ്കിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വൈറസ് പടരുന്നത് തുടരുകയാണ്. കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ തടയാന്‍ കഴിയാഞ്ഞതാണ് ഇറ്റലിയും ഇറാനും ദക്ഷിണ കൊറിയയും അടക്കമുള്ള രാജ്യങ്ങളില്‍ കാര്യമായ മരണസംഖ്യയുണ്ടാക്കിയത്. അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ വന്‍കരകളിലും കൊറോണ എത്തിക്കഴിഞ്ഞു. അതേസമയം നിയന്ത്രിക്കാന്‍ കഴിയുന്ന ആദ്യത്തെ മഹാമാരിയായിരിക്കും ഇതെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രിയീസസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Articles