കെപിസിസി നേതൃമാറ്റം; ആന്റോ ആന്റണിയും സണ്ണി ജോസഫും പരിഗണനയില്‍, റിപ്പോര്‍ട്ട്

  • 04/05/2025

സംസ്ഥാന കോണ്‍ഗ്രസ് നേതൃപദവിയില്‍ മാറ്റമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ, കെ സുധാകരന് പകരം ആര് കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് എത്തുമെന്നതിലും ചര്‍ച്ചകള്‍ സജീവമായി. നാല് തവണ പത്തനംതിട്ട എംപിയായ ആന്റോ ആന്റണി, നിലവിലെ പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനായ സണ്ണി ജോസഫ് എംഎല്‍എ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്നിലെന്നാണ് സൂചന. 

യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബഹനാന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, അദ്ദേഹം ഇപ്പോള്‍ ഏറെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നിലവിലെ കെപിസിസി പ്രസിഡന്റ് മാറേണ്ടതില്ല എന്ന അഭിപ്രായവുമായി ഒരു വിഭാഗം കെ സുധാകരനെ പിന്തുണയ്ക്കുന്നുണ്ട്. വെള്ളിയാഴ്ച എഐസിസി സുധാകരനെ ഡല്‍ഹിയിലേക്ക് വിളിച്ചതിന് പിന്നാലെയാണ് നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും സംസ്ഥാനത്ത് ഉടനടി നേതൃമാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത സുധാകരനെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നേതൃമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ കെ സുധാകരന്‍ നിഷേധിക്കുകയാണ്. പാര്‍ട്ടി ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നേരിടാനുള്ള ഒരുക്കങ്ങളിലാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

Related News