കെപിസിസി നേതൃമാറ്റം; 2 ദിവസത്തിനകം തീരുമാനം, ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുമെന്ന് കെ. മുരളീധരൻ

  • 06/05/2025

കെപിസിസി നേത‍ൃമാറ്റ ചർച്ചകളില്‍ രണ്ടുദിവസത്തിനകം തീരുമാനം വരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. വിഷയത്തില്‍ പാർട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ട് നീങ്ങുക. കെ സി വേണുഗോപാലുമായി ആർക്കും അഭിപ്രായ വ്യത്യാസമില്ല എന്നും മുരളീധരൻ വ്യക്തമാക്കി. കെപിസിസി അധ്യക്ഷപദവിയില്‍ നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ ചൊല്ലി പാർട്ടിയില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.

വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമർശനത്തെ മുരളീധരൻ പിന്തുണയ്ക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് ശരിയാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ചർച്ചകള്‍ അനാവശ്യമാണെന്നും മുരളീധരൻ പറഞ്ഞു. കോണ്‍ഗ്രസിലെ പുനസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിമർശനം ഉന്നയിച്ചിരുന്നു. ഞങ്ങള്‍ മിണ്ടാതെയിരിക്കുന്നത് അത് താങ്ങാനുള്ള കെല്‍പ്പ് പാർട്ടിക്കില്ലാത്തത് കൊണ്ടാണെന്നും യുവാക്കള്‍ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കള്‍ കാണിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സാധാരണ പ്രവർത്തകന്‍റെ ആത്മവിശ്വാസം തകർക്കരുത്. നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുകയാണോ തുടരില്ലേയോ എന്നതില്‍ വ്യക്തത വരുത്തണം.

വരാൻ പോകുന്നത് അങ്കണ്‍വാടി ക്ലാസ് ലീഡറുടെ തെരഞ്ഞെടുപ്പല്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്നും ഓര്‍ക്കണം. യുവ നേതാക്കള്‍ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കളും കാണിക്കണം. മുതിർന്ന നേതാക്കള്‍ ഉത്തരവാദിത്വം കാട്ടണം. കോണ്‍ഗ്രസ് അധികാരത്തില്‍ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നായിരുന്നു രാഹുലിന്റെ വിമർശനം. 

Related News