അറസ്റ്റ് ചെയ്യുമ്ബോള്‍ കാരണം പറയണം, അല്ലാത്തത് മൗലികാവകാശ ലംഘനം: ഹൈക്കോടതി

  • 10/05/2025

കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. അറസ്റ്റിനുള്ള കാരണം അറസ്റ്റിലാകുന്ന വ്യക്തിയെ അറിയിക്കുന്നത് ഔപചാരികതയല്ല. ഭരണഘടനാപരമായും നിയമപരമായും അനിവാര്യമായ കാര്യമാണെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. 

വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായ രണ്ടുപേരെ കസ്റ്റഡിയില്‍ നിന്ന് ഉടന്‍ മോചിപ്പിക്കാന്‍ നിര്‍ദേശിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് നിയമപ്രകാരം ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് ഉത്തരവ് തടസമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലഹരിമരുന്ന് കേസില്‍ തിരൂര്‍ പൊലീസ് 2024 ഒക്ടോബര്‍ രണ്ടിന് അറസ്റ്റ് ചെയ്തയാളുടെ പിതാവും നിക്ഷേപത്തട്ടിപ്പ് കേസില്‍ ഫെബ്രുവരിയില്‍ പത്തനംതിട്ട കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത സ്ത്രീയുടെ മാതാവും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

ഇരുവരും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബന്ധപ്പെട്ട കോടതികള്‍ തള്ളിയിരുന്നു. കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടനയുടെ ലംഘനമാണെന്നും കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

Related News