സംസ്ഥാനത്ത് മൂന്നിടങ്ങളിലായി വാഹനാപകടം; 5 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവര്‍ 5പേരും യുവാക്കള്‍

  • 14/05/2025

സംസ്ഥാനത്ത് മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തില്‍ 5 പേർ മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചതായാണ് വിവരം. മിനി ലോറിയും സ്കൂട്ടറും ഇടിച്ച്‌ സ്കൂട്ടർ യാത്രക്കാരായ പെരുമ്ബഴുതൂർ സ്വദേശി അഖില്‍ (22), പെരുംമ്ബഴുതൂർ സ്വദേശി സാമുവല്‍ (22) എന്നിവരാണ് മരിച്ചത്. 19 വയസുള്ള അഭിൻ പരിക്കുകളോടെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ നടത്തുന്നതിനിടെയാണ് മറ്റൊരു അപകടം ഉണ്ടായത്. ബൈക്ക് മതിലില്‍ ഇടിച്ചാണ് യാത്രക്കാരനായ മനോജ് (26) മരിച്ചതെന്ന് പ്രദേശ വാസികള്‍ പറയുന്നു. പാലക്കാട് മരുതറോഡ് കണ്ടെയ്നർ ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി ജിഷ്ണുരാജാണ് (26) മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ സുഹൃത്തിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഞ്ചിക്കോട് കിൻഫ്രയിലെ പ്ലാസ്റ്റിക് നിർമാണ കമ്ബനിയിലെ ജീവനക്കാരനാണ്. ആലപ്പുഴ ജില്ലയിലാണ് മറ്റൊരു അപകടം. 

ആലപ്പുഴ ബൈപാസില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവർ മരിച്ചു. തൃശൂർ പീച്ചി സ്വദേശി റെനീഷ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവർ ജോസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അർധരാത്രിയോടെ ബൈപാസില്‍ വിജയ് പാർക്ക് ഭാഗത്താണ് അപകടം ഉണ്ടായത്. കൊല്ലത്തേക്ക് മദ്യവുമായി പോകുന്ന ലോറിയും കരുനാഗപ്പള്ളിയില്‍ നിന്ന് മത്സ്യവുമായി എറണാകുളത്തേക്ക് പോയ മിനിലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Related News