സമ്പർക്കവിലക്ക് ഫലപ്രദമാക്കാൻ സ്വകാര്യ ആശുപത്രികളിലെ 10,000 കിടക്കകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കണം

  • 23/03/2020

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളവരെ കർശന നിരീക്ഷണത്തിന് വിധേയരാക്കാൻ സ്വകാര്യ ആശുപത്രികളുടെ കൂടി സഹകരണത്തോടെ അടിയന്തര സംവിധാനം ഏർപ്പെടുത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ഡെപ്യുട്ടി സ്പീക്കറുമായ പാലോട് രവി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

കേരളത്തിൽ സ്വകാര്യആശുപത്രികളിൽ അമ്പതിനായിരത്തിലധികം കിടക്കകളുണ്ടെന്നാണ് കണക്ക്. അവയിൽ ആദ്യഘട്ടമായി പതിനായിരം കിടക്കകൾ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുന്നവരെ ആശുപത്രി നിരീക്ഷണത്തിൽ കൊണ്ടുവരണം. അതിനുള്ള മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കണം.
സാമൂഹികവ്യാപനം തടയാൻ ഇതനിവാര്യമാണ്.

സ്വകാര്യ ആശുപത്രികൾ ഈ ദൗത്യം സാമൂഹിക പ്രതിബദ്ധതയോടെ
ഏറ്റെടുക്കണം.

നിലവിൽ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളവരിൽ പലരും സ്വതന്ത്രമായി പൊതുസമൂഹത്തിൽ ഇടപെടുന്നതായി വ്യാപകമായ പരാതികളുണ്ട്. നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനം ഫലപ്രദല്ല. അതുകൊണ്ടു തന്നെ സംസ്ഥാന സർക്കാർ ഇപ്പോൾ കൈകൊണ്ടിരിക്കുന്ന പ്രശംസാർഹമായ പ്രതിരോധ തന്ത്രങ്ങളും സംവിധാനങ്ങളും വിഫലമാകുമെന്ന ആശങ്ക പ്രബലമാണ്.

കോവിഡ് വ്യാപനപ്രതിരോധത്തിൽ കേരളം ഇന്നു കാട്ടുന്ന മാതൃകാപരമായ ജാഗ്രത സാമൂഹിക വ്യാപനം തടയുന്നതിലും തുടരണം. അക്കാര്യത്തിൽ കക്ഷിരാഷ്ട്രീയ ദേദമെന്യെ എല്ലാവരുടെയും പിന്തുണയും പങ്കാളിത്തവും ഉറപ്പുവരുത്തണം - പാലോട് രവി അഭ്യർഥിച്ചു.

Related News