കുറിപ്പടിയിലൂടെ മദ്യം, സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ , സർക്കാരിനേറ്റ തിരിച്ചടിയെന്ന്‌ ചെന്നിത്തല.

  • 02/04/2020

കൊച്ചി: ലോക്ഡൗൺ കാലത്ത് കുറിപ്പടിയിലൂടെ മദ്യം വി​തരണം ചെയ്യാമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ​ഹൈക്കോടതി സ്റ്റേ ചെയ്തു. ടി.എൻ.പ്രതാപൻ എംപി നൽകിയ ഹർജിയിൽമേലാണ് കോടതിയുടെ നടപടി. മൂന്നാഴ്ചത്തേക്കാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. സർക്കാരിന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരാഴ്ച സമയം അനുവദിച്ചാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തത്.മദ്യാസക്തർക്ക് മദ്യം ബിവറേജസ് കോര്‍പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ ഹൈക്കോടതിയിൽ പൂർണ്ണമായും ന്യായീകരക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മദ്യം കിട്ടാതെ വരുമ്പോൾ രോ‌ഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്ത്. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ പറ‍ഞ്ഞു. സർക്കാർ ഉത്തരവ് യുക്തിരഹിതമാണ്, ഡോക്ടർമാരെ അ‌വഹേളിക്കുന്നതിന് തുല്യമാണ് ഉത്തരവ്, മദ്യാസക്തി ഉള്ളവർക്ക് ചികിത്സലഭ്യമാക്കുകയാണ് വേണ്ടത്, മദ്യം എത്തിച്ചു നൽകുക എന്നതല്ല അ‌തിനുള്ള പരിഹാരം തുടങ്ങിയ വാദങ്ങൾ അ‌ംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. അതെസമയം ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറ‍ഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമെന്നായിരുന്നു ഹൈക്കോടതയുടെ ചോദ്യം.
സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ ടി എൻ പ്രതാപൻ നൽകിയ ഹര്‍ജി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എയും കോടതിയെ സമീപിച്ചിരുന്നു. അതേസമയം കോടതിവിധി സർക്കാരിൻറെ അധാർമികക്കേറ്റ തിരിച്ചടിയാണെന്നും , സർക്കാർ മാപ്പുപറയണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related News