ആരോരുമില്ലാതെ അനാഥരായ റെയിൽവേ പോർട്ടർമാരെ സഹായിക്കണം

  • 03/04/2020

റെയിൽവേയുടെ ആവിർഭാവം മുതൽ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ അംഗീകൃത ലൈസൻസ് കൂലി പോർട്ടർമാർ പ്രവർത്തിക്കുന്നുണ്ട്. മാസം മൂന്നു രൂപ നിരക്കിൽ വർഷം 36 രൂപ ഫീസ് നൽകി ലൈസൻസ് വർഷം തോറും പുതുക്കി നൽകുകയാണ് പതിവ്. മുമ്പ് ഒരു ഷർട്ടും തലപ്പാവിന്റെ തുണിയും നമ്പർ രേഖപ്പെടുത്തിയ ബാഡ്ജും നൽകിയിരുന്നു. ഇപ്പോൾ ലൈസൻസ് പുതുക്കുന്നതിന് ഫീസ് വാങ്ങിയിട്ട് ബാഡ്ജും ഷർട്ടിനുള്ള തുണിയും നൽകുന്നു. ഇതിനു പുറമേ ട്രെയിനിൽ ആണ്ടിൽ ഒരുതവണ മൂന്നിലൊന്നു ചാർജ് നൽകി യാത്രയ്ക്കുള്ള ഒരു ടിക്കറ്റും, വർഷത്തിൽ ഒരു യാത്രക്കുള്ള പാസും റയിൽവേ നല്കിവരുന്നു.

ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമുള്ള സർട്ടിഫിക്കറ്റോടു കൂടി വരുന്ന തൊഴിലാളികൾക്കേ ഇപ്പോൾ പോർട്ടറായി ലൈസൻസ് നൽകുകയുള്ളൂ. ഇതെല്ലാം സൂചിപ്പിക്കുന്നത് റെയിൽവേ നിയോഗിച്ച തൊഴിലാളികളാണ് ഇവർ എന്ന് ഓർമ്മപ്പെടുത്താൻ മാത്രമാണ്. ഈ വ്യവസ്ഥകൾക്ക് വിധേയമായി നിയോഗിക്കപ്പെട്ട രണ്ടായിരത്തി അഞ്ഞൂറോളം പേർട്ടർമാർ കേരളത്തിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ പ്രവർത്തിച്ചുവരുന്നു. ഇന്ത്യയിൽ ഇവരുടെ അംഗസംഖ്യ ഒന്നേകാൽ ലക്ഷത്തോളം വരും. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ലഗ്ഗേജ് ട്രെയിനുകളിൽ കയറ്റാനും ട്രെയിനിൽ നിന്നും തലച്ചുമടായി സ്റ്റേഷന് പുറത്ത് എത്തിക്കുകയുമാണ് ഇവരുടെ ജോലി.
ഇപ്പോൾ റെയിൽവേ സ്റ്റേഷനുകൾ ശ്യൂനമായി ട്രെയിനുകൾ ഓടുന്നില്ല, യാത്രക്കാരില്ല ഇവരുടെ ജോലി പൂർണ്ണമായും നഷ്ടപ്പെട്ടു.

കേരളത്തിൽ ജീവജാലങ്ങൾ ഉൾപ്പെടെ എല്ലാ മനുഷ്യർക്കും പട്ടിണി കിടക്കാതെ ജീവിച്ചു പോകാനുള്ള പദ്ധതികൾ നടപ്പാക്കി എല്ലാവരെയും രക്ഷിക്കുകയാണ് എൽഡിഎഫ് സർക്കാർ. പൊതുമേഖലയും സ്വകാര്യ മേഖലയും എല്ലാം തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കുന്നു. ആരുടെയും സഹായവും സംരക്ഷണവും ഇല്ലാതെ അലയുകയാണ് ഈ കൂലി പോർട്ടർമാർ. റെയിൽവേ യാണ് ഇവരെ സംരക്ഷിക്കേണ്ടത്. അവരുടെ കീഴിൽ തലമുറകളായി സേവനമനുഷ്ഠിക്കുന്ന ഇവരെ കണ്ടില്ലെന്നു നടിക്കുന്നത് ക്രൂരതയാണ്. അടിയന്തര സഹായം അംഗീകൃത പോർട്ടർ മാർക്ക് നൽകുന്നതിനു റെയിൽവേ അധികൃതരോട് അഭ്യർത്ഥിക്കുന്നു.

റെയിൽവേ ജനറൽ മാനേജർക്കും, ഈ പ്രശ്നത്തിൽ ഇടപെടാൻ അഭ്യർത്ഥിച്ചുകൊണ്ട് റെയിൽവേയുടെ ചുമതല വഹിക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും,തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണനും കത്തു നൽകിയിട്ടുണ്ട്.

Related News